ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തൊഴിലില്ലായ്മാ നിരക്ക് ഡിസംബറില്‍ 23.9 ശതമാനത്തില്‍ നിന്ന് 14.8 ശതമാനമായി കുറഞ്ഞെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയുടെ റിപ്പോര്‍ട്ട്. രാജ്യത്താകെ ഗ്രാമീണമേഖലകളിലെ തൊഴിലില്ലായ്മ നിരക്ക് 7.55 ശതമാനത്തില്‍ നിന്ന് 7.44 ശതമാനമായും കുറഞ്ഞു. തൊഴിലില്ലായ്മ പരിഹരിക്കാന്‍ ജമ്മു കശ്മീര്‍ ഭരണകൂടം നടത്തുന്ന പരിശ്രമങ്ങളുടെ വിജയമായാണ് ഈ കണക്ക് വിലയിരുത്തുന്നത്. യുവാക്കളെ സ്വയം തൊഴിലിലേക്ക് ആകര്‍ഷിക്കുന്നതിനായി 2022ല്‍ നിരവധി പുതിയ സംരംഭങ്ങളാണ് ഭരണകൂടം അവതരിപ്പിച്ചത്. മിഷന്‍ യൂത്ത് എന്ന പേരില്‍ യുവാക്കള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ അവസരമൊരുക്കുകയായിരുന്നു.
മുംകിന്‍ എന്ന പേരില്‍ ഗതാഗത മേഖലയില്‍ സുസ്ഥിരമായ ഉപജീവനമാര്‍ഗം കണ്ടെത്തുന്നതിന് യുവാക്കള്‍ക്ക് സബ്‌സിഡി അടിസ്ഥാനത്തില്‍ ചെറുകിട വാണിജ്യ വാഹനങ്ങള്‍ വാങ്ങാന്‍ സൗകര്യമൊരുക്കിയത് ഇതിന്‍റെ ഭാഗമാണ്. ഒരു ഗുണഭോക്താവിന് വാഹനത്തിന്‍റെ വിലയുടെ 10 ശതമാനം സര്‍ക്കാരും പത്ത് ശതമാനം വാഹന നിര്‍മ്മാതാക്കളും സംഭാവന ചെയ്യുന്നതാണ് പദ്ധതി. യുവതികള്‍ക്കായി യൂത്ത് എന്റര്‍പ്രൈസ് വിത്ത് ഇന്നൊവേഷന്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കി സ്പറിങ് എന്റര്‍പ്രണര്‍ഷിപ്പ് ഇനിഷ്യേറ്റീവ് സ്‌കീമും യൂത്ത് മിഷന്‍റെ കീഴിലാണ് തുടങ്ങിയത്. യുവതികളെ സംരംഭങ്ങളിലേക്ക് നയിക്കുന്ന തേജസ്വിനി പദ്ധതിക്ക് വലിയ പ്രതികരണമാണ് ലഭിച്ചത്. അഞ്ച് ലക്ഷം രൂപ വരെ ഈ പദ്ധതിയില്‍ ധനസഹായം നല്കും. സാമ്പത്തികമായി പ്രയാസം അനുഭവനിക്കുന്നവര്‍ക്ക് 2 ലക്ഷം രൂപ അധിക ധനസഹായവും നല്‍കും.
ഡെന്റല്‍ പ്രൊഫഷണലുകള്‍ ക്ലിനിക്ക് സ്ഥാപിക്കുന്നതിന് 8 ലക്ഷം രൂപയാണ് സഹായമായി നല്‍കുന്നത്. 400 ഡോക്ടര്‍മാരുടെയും 400 ടെക്‌നീഷ്യന്‍മാരുടെയും തൊഴിലവസരങ്ങള്‍ ലക്ഷ്യമിട്ട് 200 ക്ലിനിക്കുകള്‍ ഭരണകൂടം പോയവര്‍ഷം ആരംഭിച്ചു. ‘റൈസ് ടുഗെദര്‍’ എന്ന പേരില്‍ പ്രത്യേകം രൂപകല്പന ചെയ്ത സാമൂഹ്യ അധിഷ്ഠിത ഉപജീവന പദ്ധതിയും വലിയ വിജയമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. പുതിയ സംരംഭങ്ങളിലൂടെ സമാജത്തെയാകെ അവരുടെ പങ്കാളിത്തത്തോടെ ഉയര്‍ത്തുകയാണ് പദ്ധതി ലക്ഷ്യം വച്ചതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Discussion about this post