ത്രിപുര: ‘രാമക്ഷേത്രം എന്ന് പണിയും എന്ന് കൂടെക്കൂടെ ചോദിക്കുന്ന കോണ്‍ഗ്രസ് ചെവി തുറന്ന് കേട്ടോളൂ, അയോധ്യയില്‍ അംബരചുംബിയായ രാമക്ഷേത്രം 2024 ജനുവരി ഒന്നിന് ഉദ്ഘാടനം ചെയ്യും’, ത്രിപുരയിലെ രഥയാത്രയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു.. ക്ഷേത്രം യാഥാര്‍ത്ഥ്യമാക്കുന്നത് പ്രധാനമന്ത്രിയാണെന്നും കോണ്‍ഗ്രസ് നിര്‍മ്മാണം തടയാനാണ് ശ്രമിച്ചതെന്നും അമിത് ഷാ പറഞ്ഞു.
കോണ്‍ഗ്രസും സിപിഎമ്മും രാമക്ഷേത്ര നിര്‍മ്മാണത്തെ തടസ്സപ്പെടുത്തിയെന്നും പ്രശ്‌നം കോടതിയുടെ അധികാരപരിധിയില്‍ ദീര്‍ഘകാലം വച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി. രാമക്ഷേത്രം നിര്‍മ്മിക്കുന്നത് കോണ്‍ഗ്രസ് കോടതികളില്‍ തടഞ്ഞു, ശേഷം സുപ്രീം കോടതിയുടെ വിധി വന്നു, ഭൂമി പൂജിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രം പണിയാന്‍ തുടങ്ങി, അദ്ദേഹം പറഞ്ഞു.
രാജ്യം പ്രധാനമന്ത്രി മോദിയുടെ കൈകളില്‍ സുരക്ഷിതമാണെന്നും കശ്മീരിലെ പുല്‍വാമ സംഭവത്തിന് പത്ത് ദിവസത്തിന് ശേഷം ഇന്ത്യന്‍ സൈനികര്‍ പാക്കിസ്ഥാനില്‍ വിജയകരമായ ഓപ്പറേഷന്‍ നടത്തി, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലാണ് ഇത് സംഭവിച്ചത്, ഷാ കൂട്ടിച്ചേര്‍ത്തു.
അമിത് ഷാ സംസ്ഥാനത്ത് ബിജെപി യുടെ ആദ്യ തിരഞ്ഞെടുപ്പ് രഥയാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. ബിജെപി ‘വികാസ്’ അല്ലെങ്കില്‍ വികസനത്തിന്‍റെ സന്ദേശം ഊന്നിപ്പറയുന്നതായി അദ്ദേഹം പറഞ്ഞു. 2018ലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം സര്‍ക്കാര്‍ പാലിച്ചെന്ന് അവകാശപ്പെട്ട് 10 പ്രധാന തലക്കെട്ടുകള്‍ക്ക് കീഴില്‍ ബിജെപി സംസ്ഥാന സര്‍ക്കാര്‍ 5 വര്‍ഷ ഭരണത്തിന്‍റെ ‘റിപ്പോര്‍ട്ട് കാര്‍ഡ്’ പ്രഖ്യാപിച്ചതിന് ശേഷമാണ് രഥയാത്ര ആരംഭിച്ചത്.
Discussion about this post