സുല്‍ത്താന്‍പൂര്‍(യുപി): പ്രസംഗങ്ങളും മുദ്രാവാക്യം വിളികളും കൊണ്ടുമാത്രം രാഷ്ട്രത്തിന്‍റെ മുന്നേറ്റം സാധ്യമാവില്ലെന്നും അതിന് നിസ്വാര്‍ത്ഥമായ ദേശഭക്തി അനിവാര്യമാണെന്നും ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സമാജത്തിന്‍റെ ദൗര്‍ബല്യങ്ങള്‍ നീക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ്. സമാജത്തെയാകെ ഒരുമിച്ചു ചേര്‍ത്ത് ഓരോ മനസ്സിലും ഒരുമയുടെ ഭാവം സൃഷ്ടിക്കലാണ് മകരസംക്രാന്തി മഹോത്സവത്തിന്‍റെ സന്ദേശം. അത് ഉള്‍ക്കൊള്ളുന്നതിലൂടെ മാത്രമേ ഒറ്റ സമാജമായി നമ്മുടെ രാഷ്ട്രത്തിന് തല ഉയര്‍ത്തിനില്‍ക്കാനാകൂ എന്ന് അദ്ദേഹം പറഞ്ഞു. സുല്‍ത്താന്‍പുരിയില്‍ മകരസംക്രമ മഹോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുട്ട് പരക്കുന്നിടത്തൊക്കെ വെളിച്ചമായി തീരാനുള്ള ദൗത്യമാണ് ഭാരതത്തിനുള്ളത്. അതിന് സദ്ഗുണങ്ങളില്‍ ജീവിക്കാന്‍ കഴിയണം. ശ്രീരാമനും ശ്രീകൃഷ്ണനും പൂജിക്കാന്‍ മാത്രമുള്ള ദേവതകളല്ല, ആര്‍ജിക്കാനുള്ള ഗുണങ്ങള്‍ കൂടിയാണ്. സത്യം, വിശ്വസ്തത, ക്ഷമ, ധീരത മുതലായ ഗുണങ്ങള്‍ ആര്‍ജിക്കാന്‍ കഴിയണം. ഭാരത് മാതാ കീ ജയ് വിളിച്ചതുകൊണ്ട് മാത്രം രാജ്യസ്‌നേഹം ഉണ്ടാകില്ല, അദ്ദേഹം പറഞ്ഞു.
സമൂഹം നമുക്ക് എല്ലാം തരുന്നു. പ്രകൃതി ആരോടും വിവേചനം കാണിക്കുന്നില്ല. സൂര്യനും നദിയും വൃക്ഷങ്ങളുമൊക്കെ എല്ലാവരെയും ഒരുപോലെ കാണുന്നു. എന്നാല്‍ മനുഷ്യന്‍ സമൂഹത്തെ വിഭജിച്ചു. എന്തുകൊണ്ടാണ് ചിലരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാത്തത്? എന്തുകൊണ്ടാണ് പൊതുകിണറ്റില്‍ നിന്ന് വെള്ളം കുടിക്കുന്നതില്‍ നിന്ന് ചിലരെ വിലക്കുന്നത്? വിവേചനത്തിന്റെ ഈ ഇരുട്ടില്‍ മനുഷ്യന്‍ കുടുങ്ങിക്കിടക്കുകയാണ്. ഈശ്വരന്‍ എല്ലാവരിലും ഉണ്ടെന്ന സത്യം മനസിലാക്കാത്തിടത്തോളം നാം ഇരുട്ടില്‍ കുടുങ്ങിക്കിടക്കും.
പ്രസംഗവും പ്രദര്‍ശനവും പുസ്തകവും കൊണ്ടുമാത്രം സംസ്‌കാരത്തിന്‍റെ ഔന്നത്യം തെളിയിക്കപ്പെടില്ല. അത് ജീവിതത്തിലേക്ക് പകര്‍ത്തണം. മഹാത്മാക്കളുടെ ദര്‍ശനങ്ങളെ ആധാരമാക്കി ഒരു സമൂഹത്തെ സൃഷ്ടിക്കണം. ത്യാഗമേറെ സഹിച്ച് രാജ്യത്തെ സ്വതന്ത്രമാക്കാന്‍ പരിശ്രമിച്ചവരുടെ സ്വപ്‌നങ്ങള്‍ നമ്മള്‍ തിരിച്ചറിയണം. അറിവിലും വീര്യത്തിലും ലോകത്തിന് മുന്നില്‍ ഇന്ത്യന്‍ ജനത ഒട്ടും പിന്നിലല്ല. യോജിച്ച പരിശ്രമത്തോടെ അതുല്യമായ ആ ശക്തിയെഉയര്‍ത്തണം.
എല്ലാവരും സോദരരാണെന്നും നമ്മളില്‍ പതിതരില്ലെന്നും പ്രഖ്യാപിക്കണം. സമാജരക്ഷ വ്രതമാക്കണം, സമത്വത്തെ ജീവമന്ത്രമാക്കണം. മാറ്റത്തിന്റെ പുതിയകാലത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ ഹൃദയത്തിന്‍റെ വാതിലുകള്‍ തുറന്നിടണം. സമാജശരീരത്തിലെ അഴുക്കുകളെ കഴുകിക്കളയണം. ഉള്ളിലെ ഇരുട്ടകലുമ്പോഴാണ് അവിടെ ഈശ്വരന്‍ കുടിയിരിക്കുന്നത്. മകരസംക്രമത്തിന്‍റെ സന്ദേശം സമാജപരിവര്‍ത്തനത്തിന്റേതും രാഷ്‌ട്രോത്ഥാനത്തിന്റേതുമാണ്. അതിന് പരിഷ്‌കര്‍ത്താക്കളും ആചാര്യന്മാരും പറഞ്ഞു തന്ന വഴി സ്വയം ശുദ്ധരാവുക, സമാജത്തെ ശുദ്ധീകരിക്കുക എന്നതാണ്, സര്‍കാര്യവാഹ് പറഞ്ഞു.
പരിപാടിയില്‍ ആര്‍എസ്എസ് കാശി പ്രാന്തസംഘചാലക് ഡോ. വിശ്വനാഥ് ലാല്‍ നിഗം, മഹാനഗര്‍ സംഘചാലക് അമര്‍ പാല്‍ സിങ് എന്നിവരും പങ്കെടുത്തു.
Discussion about this post