ന്യൂഡൽഹി: ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാളിനെതിരെ അതിക്രമമുണ്ടായതായി പരാതി. കൈ കാറിൽ കുരുക്കി 15 മീറ്ററോളം വലിച്ചിഴച്ചതായി പരാതിയിൽ പറയുന്നു. ഇന്നു പുലർച്ചെ ഡൽഹി എയിംസിന് സമാപത്തുവെച്ചാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് കാർഡ്രൈവർ ഹരീഷ് ചന്ദ്രയെ(47) പൊലീസ് അറസ്റ്റ് ചെയ്തു.
മദ്യലഹരിയിലായിരുന്ന കാർ ഡ്രൈവർ സ്വാതിയോടും കൂട്ടരോടും കാറിൽ കയറാൻ ആവശ്യപ്പെടുകയും മോശമായി പെരുമാറുകയും ചെയ്തു. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കത്തിൽ ഏർപ്പെട്ടിരുന്നു. കാറിന്‍റെ ഡോറിൽ കൈവെച്ച് സംസാരിക്കുന്നതിനിടെ ഡ്രൈവർ ചില്ലടയ്ക്കുകയും കൈ കാറിനകത്ത് കുടുങ്ങുകയായിരുന്നു. തന്‍റെ കൈ കുരുങ്ങിയതറിഞ്ഞിട്ടും കാർ നിർത്താതെ പോയെന്നാണ് പരാതി. ഏകദേശം 15 മീറ്ററോളം വലിച്ചിഴച്ചതായി പരാതിയിൽ പറയുന്നു. വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് പോലും സുരക്ഷയില്ലെങ്കിൽ മറ്റ് സ്ത്രീകളുടെ അവസ്ഥ എന്താണെന്ന് സ്വാതി ട്വീറ്ററിലൂടെ പ്രതികരിച്ചു.













