മൈസൂരു: നൂറ്റാണ്ടിലേക്ക് നടക്കുന്ന സ്വാതന്ത്രഭാരതം ഇനിയുള്ള കാലത്തെ അമൃതകാലമെന്ന് അടയാളപ്പെടുത്തുകയാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഈ കാലം വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും അവകാശപ്പെട്ടതാണ്. രാജ്യം എല്ലാ അര്‍ത്ഥത്തിലും മുന്നേറുകയാണ്. വരുന്ന ഇരുപത്തഞ്ച് വര്‍ഷം ആത്മവിശ്വാസത്തോടെ ആ മുന്നേറ്റത്തിന്‍റെ മുന്‍നിരയില്‍ നടക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം, അദ്ദേഹം പറഞ്ഞു. ജെഎസ്എസ് അക്കാദമി ഓഫ് ഹയര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്‍റെ (ജെഎസ്എസ് എഎച്ച്ഇആര്‍) 13-ാമത് ബിരുദദാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.
എല്ലാ വെല്ലുവിളികളെയും മറികടന്ന് രാജ്യംആത്മവിശ്വാസത്തോട് സ്വയംപര്യാപ്തതയിലേക്ക് കുതിക്കുകയാണ്. ലോകത്തെ മറ്റ് രാജ്യങ്ങളുടെ മുന്നില്‍ കൈനീട്ടി നിന്ന കാലം കഴിഞ്ഞു. ഇത് പുതിയ ഇന്ത്യയാണ്, ഭക്ഷ്യ ഉല്‍പ്പാദനം, വൈദ്യുതീകരണം, ഊര്‍ജം, സുരക്ഷ, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ മുമ്പെങ്ങുമില്ലാത്ത വേഗത്തിലാണ് നാട് കുതിക്കുന്നത്, അദ്ദേഹം പറഞ്ഞു.
കാലങ്ങളായി ഭാരതം നേരിട്ട വെല്ലുവിളികള്‍ ചെറുതായിരുന്നില്ല. അത് അധിനിവേശം മാത്രമായിരുന്നില്ല, അന്തഃഛിദ്രങ്ങളും കൂടിയായിരുന്നു. സാമൂഹിക അസമത്വം, ജാതീയത, കലഹങ്ങള്‍, കാലഹരണപ്പെട്ട ആചാരങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ നമ്മുടെ രാഷ്ട്രശരീരത്തെ നീണ്ട കാലം രോഗത്തിലാഴ്ത്തിയിട്ടുണ്ട്. അവയ്ക്കുപുറമേയാണ് പാശ്ചാത്യഭ്രമം മൂലമുള്ള അനിയന്ത്രിതമായ ഉപഭോഗ പ്രവണത, അധാര്‍മ്മിക ജീവിതം, അരാജകത്വം തുടങ്ങിയ ആധുനിക രോഗങ്ങള്‍ നമ്മെ പിടിമുറുക്കുന്നത്. സമൂഹത്തെ ഈ തിന്മകളില്‍ നിന്ന് വീണ്ടെടുക്കേണ്ടതുണ്ട്. വീണ്ടും ഉയരാനുള്ള ആന്തരിക ശക്തിയുണ്ട് ഭാരതത്തിനുണ്ട്, അദ്ദേഹം പറഞ്ഞു.
ഏഴരപ്പതിറ്റാണ്ട് മുമ്പ് വിദേശികള്‍ ഇന്ത്യ വിട്ടെങ്കിലും വിദ്യാസമ്പന്നരായ വലിയൊരു വിഭാഗം ഇപ്പോഴും മാനസിക അടിമത്തത്തിലാണ്. രക്തത്തിലും നിറത്തിലും ഇന്ത്യക്കാരും അഭിരുചിയിലും അഭിപ്രായത്തിലും ബുദ്ധിയിലും ഇംഗ്ലീഷുകാരുമായ ഒരു വിഭാഗം ആളുകളെ സൃഷ്ടിക്കണമെന്ന തോമസ് മക്കാളെയുടെ ആഗ്രഹമാണ് വിദ്യാഭ്യാസ നയത്തിലൂടെ ഇവര്‍ പിന്തുടര്‍ന്നത്. ഇന്ത്യയുടെ സംസ്‌കാരത്തിനെതിരെ പ്രവര്‍ത്തിക്കുക മാത്രമല്ല, വെറുപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം മനസ്സുകളെ വീണ്ടെടുക്കണം. ഭാരതത്തിന്റെ ആത്മാവിനെ ഉണര്‍ത്തണം, സര്‍കാര്യവാഹ് പറഞ്ഞു.
രാജ്യം ജി-20 പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കുന്നു. ‘ലോകം ഒരു കുടുംബമാണ്’ എന്ന ഭാരതത്തിന്‍റെ സമീപനം അതിന്‍റെ പ്രമേയത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നതാണ് ആഹ്വാനം.
സുറ്റൂര്‍ മഠാധിപതി ശ്രീ ശിവരാത്രി ദേശികേന്ദ്ര സ്വാമിജിയുടെ സാന്നിധ്യത്തില്‍ നടന്ന പരിപാടിയില്‍ വൈസ് ചാന്‍സലര്‍ ഡോ. സുരീന്ദര്‍ സിങ്, പ്രോവിസി ഡോ.ബി. സുരേഷ്, എക്സിക്യൂട്ടീവ് സെക്രട്ടറി ഡോ.സി.ജി. ബെത്സുര്‍മത്ത്, രജിസ്ട്രാര്‍ ഡോ.ബി. മഞ്ജുനാഥ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post