ന്യൂഡൽഹി : അടിസ്ഥാനസൗകര്യ വികസനമാണ് രാജ്യപുരോഗതിയുടെ ആധാരശിലയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ‘ഈ വർഷത്തെ ബജറ്റ് അടിസ്ഥാനസൗകര്യ മേഖലയുടെ പുതിയ വളർച്ചയ്‌ക്ക് ഊർജം നൽകും, രാജ്യത്തെ ഓരോ പൗരനും പുതിയ ഉത്തരവാദിത്വങ്ങൾ നടപ്പിലാക്കാനും കൃത്യമായ തീരുമാനങ്ങളെടുക്കുന്നതിനുമുള്ള സമയമാണിത്’. അടിസ്ഥാനസൗകര്യങ്ങളും, നിക്ഷേപവും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള വെബിനാറിൽ പ്രധാനമന്ത്രി പറഞ്ഞു.
‘നാഷ്ണൽ ഇൻഫ്രാസ്ട്രക്ചർ പൈപ്‌ലൈൻ ‘ പദ്ധതിയ്‌ക്ക് കീഴിൽ 110 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ വികസനങ്ങൾ തടസ്സപ്പെടുത്തിയ മുൻ സർക്കാരുകൾക്കെതിരെ പ്രധാനമന്ത്രി ആഞ്ഞടിച്ചു. ബിജെപി സർക്കാർ ആധുനിക അടിസ്ഥാനസൗകര്യ വികസന പദ്ധതികളിലൂടെ രാജ്യത്തെ ദാരിദ്രത്തിൽ നിന്ന് കരകയറാൻ പ്രാപ്തമാക്കിയിരിക്കുകയാണ്. 2014-നെ അപേക്ഷിച്ച് ദേശീയ പാതകളുടെ വാർഷിക നിർമ്മാണം ഏകദേശം രണ്ട് മടങ്ങ് കൂടുതലാണ്. 2014-ൽ 74 ആയിരുന്ന വിമാനത്താവളങ്ങളുടെ എണ്ണം ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ 150 ആയി ഉയർന്നു ‘പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
സാമ്പത്തികവും അടിസ്ഥാനസൗകര്യ വികസനവും സമന്വയിപ്പിക്കുന്നതിനുള്ള മികച്ച ഉപകരണമാണ് ‘ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാൻ’. രാജ്യത്തിന്റെ സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിക്കുന്തോറും കഴിവും നൈപുണ്യവുമുള്ള യുവാക്കൾക്ക് ജോലി കണ്ടെത്താനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അടിസ്ഥാനപരമായി റെയിൽവേയും റോഡുകളുമുൾപ്പെടെ 16 മന്ത്രാലയങ്ങളുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ ഏകോപിതമായി നടപ്പാക്കുന്നതിനുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാൻ.
Discussion about this post