ന്യൂദൽഹി : ദൽഹി സർവ്വകലാശാല ഉൾപ്പെടെ രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹോളി ആഘോഷിക്കരുതെന്ന് പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ പിൻവലിക്കണമെന്ന് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് ആവശ്യപ്പെട്ടു. ഈ മാർഗ്ഗനിർദ്ദേശങ്ങൾ ഹോളിക്കെതിരെ തെറ്റായ കാഴ്ചപ്പാട് സമൂഹത്തിന് നൽകുമെന്ന് എബിവിപി ചൂണ്ടിക്കാട്ടി.
തിന്മയുടെ മേൽ നന്മയുടെ വിജയത്തെ സൂചിപ്പിക്കുന്നതാണ് ഹോളി. എന്നാലതിനെ ഹൂളിഗനിസം പോലുള്ള നിഷേധാത്മക വാക്കുകളുമായി ബന്ധിപ്പിച്ച നടപടി അപലപനീയമാണ്. ഈ മാർഗ്ഗനിർദ്ദേശങ്ങൾ ഹോളി പോലെ വിശാലവും ആഹ്ലാദകരവുമായ ഒരു ഉത്സവത്തെ തെറ്റായ കാഴ്ചപ്പാടിൽ അവതരിപ്പിക്കാനുള്ള നീക്കമാണ്.
ഹോളിക്ക് സാമൂഹിക പ്രാധാന്യമുണ്ട്, ആളുകൾ ഭിന്നതകൾ മറന്ന് ഒരുമിക്കുമ്പോൾ, എല്ലാത്തരം വ്യത്യാസങ്ങളും ഇല്ലാതാകുന്ന ഉത്സവമാണിത്. ഒരു നിറത്തിൽ ചായം പൂശി ഉയർച്ചതാഴ്ചകളില്ലാതെ സമാജം സമത്വം അനുഭവിക്കുക എന്നതാണ് ഈ ഉത്സവത്തിന്‍റെ പ്രത്യേകതയെന്ന് എബിവിപി ജനറൽ സെക്രട്ടറി യാജ്ഞവൽക്യ ശുക്ല പറഞ്ഞു.”
സർവകലാശാലകളുടെ നീക്കം അനുചിതവും മാനസിക പാപ്പരത്തവുമാണ്. ഇത്തരം അനാവശ്യ മാർഗനിർദേശങ്ങൾ, ഹോളിയുടെ ആവേശവും ഉത്സവവുമായി ബന്ധപ്പെട്ട പ്രധാന സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതിന് വിഘാതമാണ്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇത്തരം മാർഗനിർദേശങ്ങൾ ഉടൻ പിൻവലിക്കുകയും അനാവശ്യമായ അഭിപ്രായപ്രകടനങ്ങൾ ഒഴിവാക്കുകയും വേണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാംസ്കാരിക വിഷയങ്ങളിൽ ഇത്തരം ഹിന്ദു ഫോബിക് പരാമർശങ്ങൾ നടത്തരുത്, അദ്ദേഹം പറഞ്ഞു.
Discussion about this post