ന്യൂദല്‍ഹി: ഇന്ത്യയുടെ പുരോഗതിയില്‍ സ്ത്രീകള്‍ക്കുള്ളത് നിര്‍ണായക പങ്ക്. വിവിധ മേഖലകളില്‍ നേട്ടംകൈവരിച്ച ഇന്ത്യന്‍ വനിതകളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കീ ബാത്തിന്‍റെ 99ാമത് പതിപ്പില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ സാധ്യതകള്‍ ഇന്ന് ഒരു പുതിയ വീക്ഷണകോണില്‍ നിന്നാണ് ഉയര്‍ന്നുവരുന്നത്. അതില്‍ നമ്മുടെ സ്ത്രീ ശക്തിക്ക് വളരെ വലിയ പങ്കാണുള്ളതെന്ന് പറഞ്ഞ പ്രധാനമന്ത്രി ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റ് സുരേഖാ യാദവ്, വ്യോമസേനയില്‍ മുന്നണിപ്പോരാളികളുടെ യൂണിറ്റിന്‍റെ മേധാവിസ്ഥാനത്തെത്തിയ ആദ്യ വനിതാ ഓഫീസര്‍ ഷാലിസ ധാമി എന്നിവരെ അഭിനന്ദിച്ചു.
സുരേഖാ യാദവ് മറ്റൊരു റെക്കോഡ് കൂടി സ്ഥാപിച്ചിരിക്കുന്നു. വന്ദേ ഭാരതിന്‍റെ ലോക്കോ പൈലറ്റ് ആകുന്ന ആദ്യ വനിതയായും അവര്‍ മാറി. നാഗാലാന്‍ഡില്‍ കഴിഞ്ഞ 75 വര്‍ഷത്തിനിടെ ആദ്യമായി രണ്ടു വനിതകള്‍ നിയമസഭയിലെത്തി. യുഎന്‍ മിഷനു കീഴില്‍ സമാധാനപാലനത്തിന് സ്ത്രീകള്‍ മാത്രമുള്ള പ്ലാറ്റൂണിനെയും ഇന്ത്യ അയച്ചിട്ടുണ്ട്.
ഓസ്‌കര്‍ പുരസ്‌കാര വേദിയിലെ ഇന്ത്യന്‍ നേട്ടത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ച ‘ദ എലിഫന്റ് വിസ്പേഴ്സ് എന്ന ഡോക്യുമെന്ററിയുടെ നിര്‍മ്മാതാവ് ഗുണീത് മോംഗയും സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസും രാജ്യത്തിന് പ്രശംസ നേടിക്കൊടുത്തു. ഈ വര്‍ഷം ആദ്യം ഇന്ത്യയുടെ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ് ടീം ടി-20 ലോകകപ്പ് നേടി ചരിത്രം സൃഷ്ടിച്ചു. ഇന്ത്യയെ നാരീശക്തി മുന്നില്‍ നിന്ന് നയിക്കുകയാണ്. ഇന്ത്യ കരുത്താര്‍ജിക്കുന്നതില്‍ സ്ത്രീശക്തി നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2014 ഒക്ടോബര്‍ മൂന്നിനാണ് പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് റേഡിയോ പരിപാടിക്ക് തുടക്കമിട്ടത്. ഇതിന്‍റെ നൂറാമത്തെ എപ്പിസോണ്‍ ഏപ്രില്‍ 30 നാണ്. ഇതിന്‍റെ പ്രക്ഷേപണം വിപുലമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ബിജെപി.
Discussion about this post