ഭുവനേശ്വര്‍: വനവാസി ജനതയുടെ ധര്‍മ്മവും ജീവിതവും നിലനിര്‍ത്താന്‍ ഏതറ്റം വരെയും പോകുമെന്ന പ്രഖ്യാപനവുമായി ഭുവനേശ്വറില്‍ കൂറ്റന്‍ റാലി. മതംമാറുന്നവരെ ഗോത്രവര്‍ഗ പട്ടികയില്‍ നിന്ന് നീക്കണമെന്ന് ഒഡീഷ സ്ഥാനീയ ജനതാ മൈതാനിയില്‍ ട്രൈബല്‍ സെക്യൂരിറ്റി ഫോറം സംഘടിപ്പിച്ച റാലി ആവശ്യപ്പെട്ടു. ഈ ആവശ്യം നിറവേറ്റുന്നത് വരെ ഗോത്രസമൂഹം സമരം തുടരുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചു.
ഭരണഘടനയുടെ 342-ാം അനുച്ഛേദത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി പട്ടികവര്‍ഗങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കണമെന്ന് ട്രൈബല്‍ സെക്യൂരിറ്റി ഫോറം ദേശീയ കോ കണ്‍വീനര്‍ ഡോ. രാജ്കിഷോര്‍ ഹന്‍സ്ദ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 341 പ്രകാരം പട്ടികജാതിക്കാരനായ ഒരാള്‍ മതം മാറിയാല്‍ സംവരണത്തിനുള്ള സൗകര്യം ലഭിക്കില്ല. എന്നാല്‍ സെക്ഷന്‍ 342 പ്രകാരം ഈ നിയമം പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ബാധകമല്ല. ഇക്കാരണത്താല്‍, മതം മാറിയ ശേഷവും, ന്യൂനപക്ഷത്തിന്‍റെ സൗകര്യങ്ങള്‍ക്കൊപ്പം വനവാസികള്‍ക്ക് നല്‍കുന്ന സൗകര്യങ്ങളും ഇക്കൂട്ടര്‍ പ്രയോജനപ്പെടുത്തുന്നു. ഇക്കാരണത്താല്‍, വനവാസി വിഭാഗത്തിന്‍റെ ധര്‍മ്മവും സംസ്‌കാരവും പിന്തുടരുന്നവര്‍ ജോലികളിലും സ്‌കോളര്‍ഷിപ്പുകളിലും സര്‍ക്കാര്‍ ഗ്രാന്റുകളിലും അവഗണന നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ കണ്‍വീനര്‍ ഗണേഷ്റാം ഭഗത്, പവിത്ര കന്‍ഹാര്‍, ബിനാപാനി നായക്, ശക്തിദയാല്‍ കിസ്‌കു തുടങ്ങിയവരും സമ്മേളനത്തെ അഭിസംബോധന ചെയ്തു.
ഭുവനേശ്വറിലെ മൂന്ന് കേന്ദ്രങ്ങളില്‍ നിന്ന് ആരംഭിച്ച റാലികള്‍ ജനതാ മൈതാനത്ത് സംഗമിക്കുകയായിരുന്നു. 62 പട്ടിക വര്‍ഗ വിഭാഗങ്ങളുടെ പ്രതിനിധികള്‍ റാലികളില്‍ അണിനിരന്നു. പരമ്പരാഗത വേഷവിധാനങ്ങളും വാദ്യോപകരണങ്ങളും അണിനിരന്ന റാലിക്ക് നഗരവീഥിയില്‍ പല കേന്ദ്രങ്ങളില്‍ വരവേല്പ് നല്കി.
Discussion about this post