ന്യൂദല്‍ഹി: വിഘടനവാദികളെ പ്രോത്സാഹിപ്പിക്കുന്ന നടപടികളില്‍ പ്രതിഷേധിച്ച് കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ ശക്തമായ ആശങ്ക അറിയിച്ചു. കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ക്കെതിരായ വിഘടനവാദ നടപടികളെത്തുടര്‍ന്നാണിത്. പോലീസിന്‍റെ സാന്നിധ്യത്തില്‍ ഇത്തരം അക്രമണങ്ങള്‍ എങ്ങനെ അനുവദിച്ചുവെന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടിയെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരമുള്ള കടമകളെക്കുറിച്ച് കാനഡയെ ഓര്‍മ്മിപ്പിക്കുകയും അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
കനേഡിയന്‍ സര്‍ക്കാര്‍ ഭാരതത്തിന്‍റെ നയതന്ത്രജ്ഞരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശ കാര്യമന്ത്രാലയം കനേഡിയന്‍ ഹൈക്കമ്മിഷണറെ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച, ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ കാനഡയിലെ ഇന്ത്യന്‍ പ്രതിനിധി പങ്കെടുക്കാനിരുന്ന ഒരു പരിപാടി ഖാലിസ്ഥാന്‍ അനുകൂലികളുടെ അക്രമാസക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് സുരക്ഷാ കാരണങ്ങളാല്‍ റദ്ദാക്കേണ്ടി വന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ്മയുടെ പടിഞ്ഞാറന്‍ തീരത്തെ ആദ്യ സന്ദര്‍ശനത്തെ സ്വാഗതം ചെയ്യുന്നതിനാണ് താജ് പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്റര്‍ സറേയില്‍ പരിപാടി സംഘടിപ്പിച്ചത്. സുരക്ഷാ കാരണങ്ങളാല്‍ പരിപാടി റദ്ദാക്കിയതായി കനേഡിയന്‍ ഗ്ലോബല്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്കിന്‍റെ ന്യൂസ് ആന്‍ഡ് കറന്റ് അഫയേഴ്സ് ഡിവിഷന്‍ ഗ്ലോബല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സ്ഥലത്തുണ്ടായിരുന്ന ഇന്ത്യന്‍ വംശജനായ മാധ്യമപ്രവര്‍ത്തകന്‍ സമീര്‍ കൗശലിനെ പ്രതിഷേധക്കാര്‍ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
Discussion about this post