പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കാനുള്ള സമയം നീട്ടി കേന്ദ്ര സർക്കാർ. മൂന്ന് മാസം കൂടിയാണ് സമയം നീട്ടി നൽകിയത്. ജൂൺ 30 ആണ് അവസാന തീയതി. നേരത്തെ മാർച്ച് 31 ആയിരുന്നു പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കാനുള്ള സമയപരിധി. ജൂൺ 30-ന് മുൻപായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തന രഹിതമായേക്കും.
നികുതി അടയ്‌ക്കുന്നവർക്ക് മാത്രമല്ല, മറ്റനേകം ദൈനംദിന ആവശ്യങ്ങൾക്കും ഇപ്പോൾ പാൻകാർഡ് നിർബന്ധമാണ് എന്നിരിക്കെ സമയപരിധി നീട്ടി കിട്ടിയത് ഉപകാരപ്രദമായി. പാൻകാർഡ് ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ പ്രധാനപ്പെട്ട പല സേവനങ്ങളും ലഭിക്കാതെ വരും. ബാങ്ക് ഇടപാടുകൾ നടത്താനും ആദായ നികുതി അടയ്‌ക്കാനും സാധിക്കില്ല. അസം, ജമ്മുകശ്മീർ, കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ താമസക്കാർ, പ്രവാസികൾ, 80 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർ, ഇന്ത്യൻ പൗരത്വം ഇല്ലാത്തവർ എന്നിവരെ പാൻകാർഡ് -ആധാർ കാർഡ് ബന്ധിപ്പിക്കലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ആദായ നികുതി വകുപ്പിന്‍റെ വെബ്‌സൈറ്റ് സന്ദർശിച്ച് ‘ലിങ്ക് ആധാർ സ്റ്റാറ്റസ്’ എന്ന ടാബ് ക്ലിക്ക് ചെയ്ത് ആധാർ നമ്പരും പാൻകാർഡ് നമ്പരും നൽകി പാൻ-ആധാർ ലിങ്ക് ചെയ്തിട്ടുണ്ടോയെന്ന് കണ്ടെത്താൻ കഴിയുന്നതാണ്.
Discussion about this post