ന്യൂഡൽഹി: ലോക്സഭയിൽ നിന്നും രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട് ഒരു വിദേശ നയതന്ത്രഞ്ജനും തന്നോട് വിഷയങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഖേദം പ്രകടിപ്പിച്ച് സ്ഥിതിഗതികൾ ശരിയാക്കാൻ രാഹുലിന് അവസരമുണ്ടായിട്ടും അദ്ദേഹം അതിന് തയ്യാറായില്ലെന്നും മന്ത്രി പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന്‍റെ ഇന്ത്യ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നിയമം നിയമമാണ്, നിയമം തങ്ങൾക്കുള്ളതല്ലെന്ന് ആരെങ്കിലും കരുതുന്നില്ലെങ്കിൽ അത് ശരിയല്ല, വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച് സ്ഥിതിഗതികൾ ശരിയാക്കാൻ രാഹുലിന് അവസരമുണ്ടായിരുന്നെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. രാഹുൽ ഗാന്ധിയുടെ അയോഗ്യത സംബന്ധിച്ച് ഒരു വിദേശ നയതന്ത്രജ്ഞനും വിഷയം ഉന്നയിച്ചിട്ടില്ല. നാലു വർഷം മുമ്പ് രാഹുൽ ഗാന്ധി ഒരു പൊതുയോഗത്തിൽ ഒരു സമുദായത്തെ ഇകഴ്‌ത്തി പറഞ്ഞു. ആ കമ്മ്യൂണിറ്റിയിലെ ഒരു അംഗത്തെ കുറ്റപ്പെടുത്തുകയും ചെയ്തു. അതിനുവേണ്ടിയാണ് ഇപ്പേൾ നിയമനടപടികൾ സ്വീകരിച്ചത്.’- എസ്.ജയശങ്കർ പറഞ്ഞു.
രാഹുലിനെ അയോഗ്യനാക്കപ്പെട്ട കോടതി വിധിക്കെതിരെ അപ്പീൽ നൽകാനുള്ള തീരുമാനം നീളുകയാണ്. തിടുക്കപ്പെട്ട് അപ്പീൽ നൽകേണ്ടെന്നാണ് രാഹുലിന്‍റെ നിലപാട്. എന്നാൽ വിഷയം നീണ്ടുപോകുന്നത് രാഷ്‌ട്രീയമായി കോൺഗ്രസിന് ഗുണം ചെയ്യില്ലെന്നാണ് മുതിർന്ന നേതാക്കളുടെ വിലയിരുത്തൽ.
Discussion about this post