ജയ്പൂര്‍: ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനം എപ്പോഴും വിജയത്തിലെത്തുമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്. നമ്മള്‍ വിശ്വ മംഗള സാധനയുടെ നിശബ്ദ സാധകരാണ്. ലോകത്തിന്റെയാകെ സമൃദ്ധിക്കായി സംഘടിതശക്തി ആവശ്യമാണ്, ശക്തിയെ ആണ് ലോകം ആരാധിക്കുന്നത്. സദ്പ്രവൃത്തി ആരും കാണുന്നില്ല, ഇതാണ് ലോകത്തിന്റെ സ്വഭാവമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജയ്പൂര്‍ ജാംദോളിയിലെ കേശവ വിദ്യാപീഠത്തില്‍ ആരംഭിച്ച രാഷ്ട്രീയ സേവാഭാരതിയുടെ സേവാസംഗമത്തിന്റെ രണ്ടാം ദിവസം പ്രതിനിധിസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ധര്‍മ്മത്തെ സംരക്ഷിച്ചുകൊണ്ട്, രാഷ്ട്രത്തെ പരമമായ വൈഭവത്തിലെത്തിക്കുന്നതില്‍ പ്രതിജ്ഞാബദ്ധരാണ് സ്വയംസേവകരെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നാണ് സേവാഭാരതി പിറന്നത്. സേവനം സാത്വികമാണ്. അത് നിസ്വാര്‍ത്ഥവും പവിത്രവുമാണ്. സ്വാര്‍ത്ഥത കടന്നുകൂടിയാല്‍ അത് സമാജത്തിന് പ്രയോജനം ചെയ്യില്ലെന്ന് മാത്രമല്ല ദോഷം ചെയ്യുകയും ചെയ്യും. നിസ്വാര്‍ത്ഥ സേവനത്തിന് ഊന്നല്‍ നല്‍കണമെന്ന് സര്‍സംഘചാലക് പറഞ്ഞു. കാര്യകര്‍ത്താക്കള്‍ സേവനം സ്വഭാവമാക്കണം. ചെയ്യുന്ന പ്രവര്‍ത്തനത്തിന്റെ മഹത്വം അനുസരിച്ച് നമ്മുടെ മനസിനെ പാകപ്പെടുത്തണം. സേവനം ചെയ്യുന്നതിനുള്ള താത്പര്യവും അവബോധവും പ്രവര്‍ത്തകന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രശസ്തിക്ക് വേണ്ടിയാകരുത് സേവനം ചെയ്യുന്നത്. അറിയാതെ വന്നുചേരുന്ന പ്രശസ്തിയില്‍ അഭിരമിത്തരുത്. സാത്വിക സേവനത്തിനു പിന്നില്‍ അഹന്തയില്ല. ഒരുതരത്തിലുള്ള ഈഗോയും പ്രവര്‍ത്തനത്തിന് തടസ്സമാകരുത്. മനസ്സും വാക്കും ശരീരവും കൊണ്ട് തപസാകണം സേവനം. പ്രിയപ്പെട്ടവരെ സേവിക്കുന്നത് മനുഷ്യത്വത്തിന്റെ പ്രകടനമാണ്. അത് നമ്മുടെ സാമൂഹിക ഉത്തരവാദിത്തമാണ്, ഈ മനോഭാവമാണ് പ്രകടമാകേണ്ടത്. സേവനത്തിന് അനുയോജ്യരായി മാറാന്‍ ഓരോ പ്രവര്‍ത്തകരും പ്രതിജ്ഞയെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
Discussion about this post