മുംബൈ: രാഷ്ട്രീയ സേവാഭാരതി സേവാസംഗമത്തില്‍ ന്കസല്‍ ശക്തികേന്ദ്രങ്ങളില്‍ നിന്ന് സ്ത്രീകളടക്കമുള്ളവരുടെ പങ്കാളിത്തം ചര്‍ച്ചയാകുന്നു. ആറ് മുതല്‍ ഒന്‍പത് വരെ ജയ്പൂരില്‍ ചേര്‍ന്ന സേവാസംഗമത്തിലാണ് മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍, ഗഡ്ചിരോളി മേഖലയില്‍ നിന്ന് മുള കൊണ്ടുള്ള കരകൗശല ഉത്പന്നങ്ങളുമായി ഗോത്രവര്‍ഗക്കാരടക്കമുള്ളവര്‍ എത്തിയത്.
പ്രദീപ് ദേശ്മുഖിന്‍റെ നേതൃത്വത്തില്‍ ദ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഫോര്‍ ലിവിങ് എന്‍ഹാന്‍സ്മെന്റിന്‍റെ കരകൗശല വിദഗ്ധരരാണ് എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചത്. സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങളും സേവാസംഗമവും വലിയ പ്രേരണയാണ് ഗോത്രവര്‍ഗ സമൂഹത്തിന് നല്കുന്നതെന്ന് ദി ബാംബൂ ലേഡി ഓഫ് മഹാരാഷ്ട്ര എന്ന് അറിയപ്പെടുന്ന കരകൗശലവിദഗ്ധ മീനാക്ഷി മുകേഷ് വാള്‍കെ പറഞ്ഞു. മുളനെയ്ത്തുകലയ്ക്ക് വലിയ ബഹുമതിയാണ് ലഭിച്ചതെന്ന് ഇംഗ്ലണ്ട് പാര്‍ലമെന്റിലെ ഹൗസ് ഓഫ് കോമണ്‍സില്‍ ആദരിക്കപ്പെട്ട മീനാക്ഷി ചൂണ്ടിക്കാട്ടി. ഹാന്‍ഡ്മേഡ് ബാംബൂ ആഭരണങ്ങള്‍ക്കും മുളകൊണ്ടുള്ള രാഖികള്‍ക്കും സേവാസംഗമത്തില്‍ ഏറെ ആവശ്യക്കാരായിരുന്നു. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും മുള കൃഷി പ്രോത്സാഹിപ്പിക്കാനും പരിസ്ഥിതി സംരക്ഷിക്കാനും സ്ത്രീകളെ സ്വയം പര്യാപ്തരാക്കാനും ആധുനിക സാങ്കേതിക വിദ്യയുടെ കാലത്ത് നശിച്ചുകൊണ്ടിരിക്കുന്ന മുള നെയ്ത്ത് കലയെ സംരക്ഷിക്കാനും 2017 മുതല്‍ പരിശ്രമിച്ചുവരികയാണെന്ന് അവര്‍ പറഞ്ഞു.
മൂന്ന് സംസ്ഥാനങ്ങളിലെ 1100ലധികം സ്ത്രീകളെ മുള നെയ്ത്ത് കലയില്‍ മീനാക്ഷി സ്വയംപര്യാപ്തരാക്കി. മുള രൂപകല്പനയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തിയ മീനാക്ഷിക്ക് ഇസ്രായേലിലെ ജറുസലേമിലെ ഒരു ആര്‍ട്ട് സ്‌കൂളില്‍ പഠിപ്പിക്കാന്‍ അവസരം ലഭിച്ചെങ്കിലും ദുര്‍ബലമായ സാമ്പത്തിക സ്ഥിതി കാരണം അത് അവര്‍ക്ക് നഷ്ടമായിരുന്നു.
Discussion about this post