ഭോപാല്‍: സുപ്രീംകോടതി സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കാനുള്ള വാദം കേള്‍ക്കുന്നതിനിടെ രാജ്യത്തുടനീളം പ്രതിഷേധവും ശക്തമാകുന്നു. മധ്യപ്രദേശിലെ ഇന്‍ഡോര്‍, ഉജ്ജയിന്‍, ഭോപാല്‍, വിദിഷ, മന്ദ്സൗര്‍, ധാര്‍ തുടങ്ങിയ ജില്ലകളില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിറങ്ങി. ഇത് രാജ്യത്തിന്റെ സംസ്‌കാരത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക സംഘടനകള്‍ രാഷ്ട്രപതിക്ക് മെമ്മോറാണ്ടം അയച്ചു.
ഇന്‍ഡോറില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍, വനിതാ സംഘടനകള്‍, എന്‍ജിഒകള്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്ക് വനിതാ സംഘടനകള്‍ നിവേദനം നല്‍കി. കുടുംബം എന്നത് സാംസ്‌കാരിക ഏകതയുടെ ആധാരമാണെന്നും അത് തകര്‍ക്കാനുള്ള അന്താരാഷ്ട്ര ആക്രമണമാണ് സ്വവര്‍ഗ വിവാഹം എന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സ്വവര്‍ഗവിവാഹം അംഗീകരിക്കുന്നത് സാംസ്‌കാരിക മൂല്യങ്ങളെ തകര്‍ക്കുമെന്ന് ഉജ്ജയിനിയില്‍ പ്രതിഷേധിച്ച സകല ഹിന്ദു സമാജ് മാതൃശക്തി പ്രവര്‍ത്തകര്‍ പറഞ്ഞു. നിയമനിര്‍മ്മാണത്തിനുള്ള അവകാശം പാര്‍ലമെന്റിന് മാത്രമാണെന്നും ഇക്കാര്യത്തില്‍ കോടതി ഇടപെടരുതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
മന്ദ്സൗറിലെ സഞ്ജയ് ഗാന്ധി പാര്‍ക്കില്‍ നടന്ന പ്രതിഷേധത്തില്‍ നൂറുകണക്കിന് സ്ത്രീകള്‍ പങ്കെടുത്തു.രാഷ്ട്രപതി, പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ് എന്നിവര്‍ക്കുള്ള മെമ്മോറാണ്ടം അവര്‍ ജില്ലാ കളക്ടര്‍ ദിലീപ് കുമാര്‍ യാദവിന് കൈമാറി. വ്യത്യസ്ത മതങ്ങളുടെയും ജാതികളുടെയും ഉപജാതികളുടെയും രാജ്യമാണ് ഇന്ത്യയെന്നും ഇവയൊന്നും സ്വവര്‍ഗ വിവാഹം അംഗീകരിക്കില്ലെന്നും നിവേദനം പറയുന്നു. വിവാഹമെന്നത് രണ്ട് ഭിന്നലിംഗക്കാരുടെ കൂടിച്ചേരല്‍ മാത്രമല്ല, മനുഷ്യരാശിയുടെ പുരോഗതി കൂടിയാണ്, നിവേദനം പറയുന്നു. ഭോപ്പാലില്‍ സംസ്‌കൃതി ബച്ചാവോ മഞ്ചിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വിദിഷയിലും ആയിരങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി.
Discussion about this post