നാഗ്പൂര്‍: സഹനത്തിലും ആനന്ദം അനുഭവിക്കുന്നതാണ് ആത്മീയതയെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് രാംദത്ത് ചക്രധര്‍. രേശിംഭാഗില്‍ തൃതീയ വര്‍ഷ സംഘശിക്ഷാ വര്‍ഗിന്‍റെ ഉദ്ഘാടനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രേശിംഭാഗിലെ ഡോ. ഹെഡ്‌ഗേവാര്‍ സ്മൃതി മന്ദിരപരിസരത്തുള്ള മഹര്‍ഷി വ്യാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഭാരതമാതാവിന്‍റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന ചെയ്താണ് വര്‍ഗിന് ഔപചാരികമായ തുടക്കം കുഠിച്ചത്. 682 ശിക്ഷാര്‍ത്ഥികളാണ് വര്‍ഗില്‍ പങ്കെടുക്കുന്നത്.
സംസ്‌കാരത്തിന്‍റെ വിത്തുകളാണ് സംഘം സ്വയംസേവകരില്‍ വിതയ്ക്കുന്നത്. ഒരു കര്‍ഷകന്‍ വയലില്‍ സമൃദ്ധിയും ഐശ്വര്യവും കൊതിച്ച് വിത്തുവിതയ്ക്കുന്നവുപോലെ രാഷ്ട്രവൈഭവത്തിനായുള്ള വ്യക്തിനിര്മ്മാണത്തിനായാണ് സംസ്‌കാരബീജം നട്ടുനനച്ചുവളര്‍ത്തുന്നത്. അതിന്‍റെ പരിപാലനത്തിനുള്ള പരിശീലനമാണ് സംഘശിക്ഷാവര്‍ഗില്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രേശിംഭാഗിലെ പുണ്യഭൂമി ഡോ. ഹെഡ്ഗേവാറിന്റെയും ശ്രീഗുരുജിയുടെയും കര്‍മ്മഭൂമിയാണ്. ഇവിടെ എത്തുന്ന ഓരോ സ്വയംസേവകനും രാഷ്ട്രബോധം, സ്വാഭിമാനം, അച്ചടക്കം, തനിമയെക്കുറിച്ചുള്ള ധാരണ എന്നിവ സ്വാഭാവികമായും ഉള്‍ക്കൊള്ളും. രാഷ്ട്രത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വിവിധ ഭാഷകളില്‍ ജീവിക്കുന്നവരാണ് വര്‍ഗില്‍ ഒരു മാസത്തോളം ഒരുമിച്ച് കഴിയുന്നത്. ഭാഷയും വേഷവും വ്യത്യസ്തമെങ്കിലും ഒരമ്മയുടെ മക്കളാണെന്ന അനുഭൂതി നമുക്കിവിടെ നിന്ന് നുകരാനാവും. സമൂഹത്തിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുക മാത്രമല്ല, പരിഹാരം കണ്ടെത്തുന്നവരായും സ്വയംസേവകര്‍ മാറണം, സഹ സര്‍കാര്യവാഹ് പറഞ്ഞു.
ആര്‍എസ്എസ് ജന്മശതാബ്ദിയിലേക്ക് കടക്കുകയാണ്. സമാജമാകെ സംഘബോധം നിറയുകയാണ് രാഷ്ട്രവൈഭവത്തിന്റെ ഉപാധി. സംഘത്തിന്റെയും സമാജത്തിന്റെയും ചിന്തകള്‍ സമാനമാകുന്നത് പരിശ്രമം തുടരുക തന്നെ വേണമെന്ന് അദ്ദേഹം പറഞ്ഞു.
വര്‍ഗ് സര്‍വാധികാരി കൃഷ്ണമോഹന്‍, സഹ സര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ എന്നിവരും പങ്കെടുത്തു. 682 ട്രെയിനി വളണ്ടിയര്‍മാരാണ് ഇത്തവണ മൂന്നാംവര്‍ഷ പരിശീലനത്തില്‍ പങ്കെടുക്കുന്നത്.
വര്‍ഗിന്‍റെ പഥസഞ്ചലനം 21നും സമാപന പൊതുപരിപാടി ജൂണ്‍ ഒന്നിനും നടക്കും.
Discussion about this post