അയോധ്യ: അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്ര സമുച്ചയത്തിലൊരുങ്ങുന്നത് 3600 ശില്പങ്ങള്‍. രാമക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അമ്പത് ശതമാനത്തിലേറെയും പൂര്‍ത്തിയായ വിവരങ്ങള്‍ പങ്കുവച്ച് ശ്രീരാമജന്മഭൂമിതീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റാണ് നവമാധ്യമങ്ങള്‍ വഴി ശില്പനിര്‍മ്മാണത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്.
ഹിന്ദുധര്‍മ്മത്തിന്റെ എല്ലാ മൂല്യങ്ങളെയും അടയാളപ്പെടുത്തുന്ന ശില്പങ്ങളാണ് ക്ഷേത്രത്തിന്റെ തൂണുകളിലും മറ്റുമായി കൊത്തുന്നത്. രാം ലാലയുയെും ഉപദേവതകളുടെയും വിഗ്രഹങ്ങള്‍ കൂടാതെ സ്ഥാപിക്കുന്ന 3600 വിഗ്രഹങ്ങളും ക്ഷേത്രത്തിന്റെ പ്രൗഢി കൂട്ടും.
ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ തൂണുകളിലും പീഠങ്ങളിലും മറ്റ് സ്ഥലങ്ങളിലും അലങ്കരിക്കുന്നതിനായാണ് ഇതിഹാസ, പുരാണങ്ങളെ അടിസ്ഥാനമാക്കി മനോഹരമായ വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് ക്ഷേത്രട്രസ്റ്റ് ചൂണ്ടിക്കാട്ടി. പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഓരോ ശില്പവും യഥാസ്ഥാനത്ത് പ്രതിഷ്ഠിക്കും.
ഈ വര്‍ഷം അവസാനത്തോടെ ക്ഷേത്രത്തിന്റെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024 ജനുവരിയില്‍, മകരസംക്രാന്തി മുഹൂര്‍ത്തത്തില്‍ ക്ഷേത്രം ഭക്തര്‍ക്കായി സമര്‍പ്പിക്കും.
Discussion about this post