പൂനെ: മണിപ്പൂരിലെ വെല്ലുവിളികള്‍ ഉടന്‍ അവസാനിക്കുമെന്ന് സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍. പ്രശ്‌നങ്ങള്‍ പൂര്‍ണമായി അവസാനിച്ചിട്ടില്ല. എന്നാല്‍ അത് ഉടന്‍ തീരും, അദ്ദേഹം പറഞ്ഞു. നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ 144-ാമത് പാസിങഗ് ഔട്ട് പരേഡ് അവലോകനം ചെയ്യാന്‍ പൂനെയില്‍ എത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പൂരിലേത് രണ്ട് ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ്. അത് അവിടുത്തെ സര്‍ക്കാര്‍ സംവിധാനമാണ് പരിഹരിക്കുന്നത്. അതിന് സര്‍ക്കാരിനെ സഹായിക്കുക മാത്രമേ സൈന്യത്തിന് ചെയ്യേണ്ടതുള്ളൂ, അദ്ദേഹം പറഞ്ഞു.
സായുധ സേനയും ആസാം റൈഫിള്‍സും മികച്ച രീതിയിലാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തത്. ഒരുപാട് പേരുടെ ജീവന്‍ അവര്‍ രക്ഷിച്ചു. ക്രമസമാധാനപ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് അവിടെ ചെയ്യുന്നത്, ജനറല്‍ ചൗഹാന്‍ വ്യക്തമാക്കി.











