ലക്നൗ: അയോദ്ധ്യ ശ്രീരാമ ജന്മഭൂമിക്ഷേത്രം 2024 ജനുവരി 14 നും 22 നും ഇടയിൽ ഭക്ത ജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ്. അയോദ്ധ്യയിൽ ഇന്ന് നടന്ന യോഗത്തിലാണ് തീരുമാനം. മംഗളകരമായ എല്ലാ കാര്യങ്ങളും ഈ കാലയളവ് ഉത്തമമായതിനാലാണ് ഈ തിയതി തീരുമാനിച്ചത്. ചാന്ദ്ര കലണ്ടർ അനുസരിച്ചാണ് തീരുമാനം.
രാമക്ഷേത്രത്തിന്റെ താഴത്തെ നിലയും രാംലല്ലയുടെ വിഗ്രഹവും 2023 നവംബറോടെ പൂർത്തിയാകും. താഴത്തെ നിലയുടെ നിർമ്മാണം അവസാനഘട്ടത്തിലെത്തിയെന്നും രണ്ടാം നിലയുടെ പണികൾ നടക്കുകയാണെന്നും രാമക്ഷേത്ര നിർമാണ സമിതി യോഗം അവസാനിച്ച ശേഷം ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
മേൽക്കൂരയുടെ നിർമ്മാണത്തോടൊപ്പം, ശ്രീകോവിലിലെ രാംലല്ലയുടെ പ്രതിഷ്ഠയിലേക്ക് സൂര്യരശ്മികൾ എത്തുന്നതിനുള്ള ഇടവും ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ സൂര്യന്റെ കിരണങ്ങൾ ശ്രീകോവിലിലെ രാംലല്ലയുടെ നെറ്റിയിൽ പതിക്കും. എല്ലാ വർഷവും രാമനവമി ദിനത്തിൽ ഉച്ചയ്‌ക്ക് 12 മണിക്ക് രാംലല്ലയുടെ നെറ്റിയിൽ സൂര്യകിരണങ്ങൾ പതിക്കുന്ന തരത്തിലാണ് ഇത് ചെയ്യുന്നത്.
ക്ഷേത്രത്തിന്റെ തറയിൽ മാർബിൾ സ്ഥാപിക്കലും വാതിലുകളുടെ നിർമ്മാണവും ജൂൺ പകുതി മുതൽ ആരംഭിക്കും. ക്ഷേത്രത്തിന്റെ മേൽക്കൂരയുടെ 70 ശതമാനം പണി പൂർത്തിയായി. ബാക്കിയുള്ള ജോലികൾ ജൂണിൽ തന്നെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ജൂണിൽ 44 വാതിലുകളാണ് നിർമ്മിക്കുക. ഇതിനായി മഹാരാഷ്‌ട്രയിൽ നിന്ന് തേക്കിൻ തടി എത്തിച്ചിട്ടുണ്ട്. ഹൈദരാബാദിൽ നിന്ന് പത്ത് കരകൗശല വിദഗ്ധർ എത്തിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് മാത്രമായിരിക്കും വാതിലുകൾ നിർമിക്കുക. മേൽക്കൂര തയ്യാറായതോടെ ക്ഷേത്രത്തിന്റെ തറയിൽ വെള്ള നിറത്തിലുള്ള മാർബിൾ സ്ഥാപിക്കുന്ന ജോലിയും ആരംഭിക്കും. ഇതിനുമുമ്പ് ക്ഷേത്ര മന്ദിരത്തിൽ വൈദ്യുതി വയറിങ്ങിനൊപ്പം അവസാനഘട്ട പ്രവൃത്തിയും പൂർത്തിയാക്കും. ക്ഷേത്രത്തിന് 34 പടികളും പ്രായമായവർക്ക് ലിഫ്റ്റും ഉണ്ടാകും. പ്രധാന ക്ഷേത്രത്തിന് പുറത്ത് നിർമ്മിക്കേണ്ട മറ്റ് ഏഴ് ക്ഷേത്രങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു.
Discussion about this post