നാഗ്പൂര്‍: ജനാധിപത്യ രാജ്യമെന്ന നിലയിൽ ഭരണത്തിന് വേണ്ടി മത്സരങ്ങൾ സ്വാഭാവികമാണെന്നും എന്നാൽ അതിന് ഒരു അതിര് വേണമെന്നും ആർ എസ് എസ് സർ സംഘചാലക് ഡോ. മോഹൻ ഭാഗവത്. നാഗ്പൂരില്‍ നടന്നുവന്ന തൃതീയവര്‍ഷ സംഘശിക്ഷാവര്‍ഗിന്‍റെ സമാപന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതം നമ്മുടെ മാതൃഭൂമിയാണ് എന്ന ബോധം ഏവരിലും വേണ്ടതാണ്. അക്കാര്യം മറന്നുകൊണ്ട് പ്രവര്‍ത്തിക്കരുത്. രാജ്യത്ത് എല്ലാവരുടേയും വിശ്വാസങ്ങള്‍ സുരക്ഷിതമാണ്. എന്നാല്‍ ഇന്ത്യയ്ക്ക് വെളിയില്‍ അതല്ല സ്ഥിതി എന്ന യാഥാര്‍ത്ഥ്യം എല്ലാവരും മനസ്സിലാക്കണം. പ്രാചീനകാലം മുതല്‍ തന്നെ എല്ലാവര്‍ക്കും ഇടം നല്‍കുന്ന സംസ്‌ക്കാരമാണ് ഇന്ത്യയ്ക്കുള്ളത്.
നമ്മുടെ അതിര്‍ത്തികളില്‍ ശത്രുക്കള്‍ കാത്തിരിക്കുമ്പോള്‍ രാജ്യത്ത് നാം പരസ്പരം പോരടിക്കുന്നത് ശരിയല്ല. നാമെല്ലാവരും ഒന്നാണ് എന്ന ബോധം ഏവരിലും ഉണ്ടാവണം. ഭരണത്തിനായി രാഷ്ട്രീയമായ പ്രതികരണങ്ങള്‍ നടത്തുന്നതില്‍ തെറ്റില്ല. എന്നാല്‍ അതിലും ഒരു മാന്യത ആവശ്യമുണ്ട്. നമ്മുടെ രാജ്യത്തിന്‍റെ സ്വാഭിമാനത്തെ ബാധിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ പ്രസ്താവനകള്‍ ശരിയല്ല. നേതാക്കളുടെ ഇത്തരം പെരുമാറ്റത്തില്‍ ജനങ്ങൾ ദു:ഖിതരാണ്, സർസംഘചാലക് പറഞ്ഞു.
പ്രശ്‌നങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കേണ്ടതാണ്. അല്ലാതെ പരസ്യമായി പ്രതികരിക്കുകയല്ല ചെയ്യേണ്ടത്. ഭാരതത്തില്‍ എല്ലാവിഭാഗം ജനങ്ങളുടേയും വിശ്വാസങ്ങള്‍ സുരക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. ബാഹ്യശക്തികള്‍ രാജ്യം വിട്ടു പോയിക്കഴിഞ്ഞു. ഇനി ഇവിടെയുള്ളവരെല്ലാം ഇന്ത്യക്കാര്‍ തന്നെയാണ്. ചിലരുടെ പെരുമാറ്റത്തില്‍ ആ ബോധം ഇല്ലെങ്കില്‍ അവരെ അക്കാര്യം സംസാരിച്ചു ബോധ്യപ്പെടുത്തേണ്ട കടമയുണ്ടെന്നും സര്‍സംഘചാലക് പറഞ്ഞു.
പരസ്പരമുള്ള ഭേദഭാവനകള്‍ മറന്ന് രാജ്യത്തിനായി എല്ലാവിഭാഗം ജനങ്ങളും ചിന്തിച്ചു പ്രവര്‍ത്തിക്കുമ്പോഴാണ് ഒരു രാജ്യം മുന്നോട്ട് പോകുന്നത്. വിസ്മരിക്കപ്പെട്ട ഇതിഹാസങ്ങളാണ് സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വീണ്ടും രാജ്യത്തിന്‍റെ മുന്നിലേക്ക് തെളിഞ്ഞുവന്നത്. കൊവിഡ് പ്രതിസന്ധിയില്‍ ലോകത്തില്‍ ഏറ്റവും മികച്ച നിലയില്‍ പ്രവര്‍ത്തിച്ചത് ഭാരതമാണ്. ജി 20 അധ്യക്ഷത ലഭിച്ചതില്‍ നാം അഭിമാനിക്കുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം ഏവരിലും സന്തോഷമുണ്ടാക്കുന്നു. ഭാരതത്തിന്‍റെ കീര്‍ത്തി വ്യാപിക്കുകയാണ്. രാജ്യം ഏറെ മുന്നോട്ട് പോകുന്നു.
1925 മുതല്‍ രാഷ്ട്രീയ സ്വയം സേവക സംഘം രാഷ്ടത്തിന്‍റെ വൈഭവത്തിനായി നിരന്തരം പ്രവര്‍ത്തിക്കുകയാണ്. സംഘത്തിന് പ്രശസ്തി ആവശ്യമില്ല. ദേശഹിതത്തിനായി സമൂഹം മുഴുവനും ചിന്തിക്കുക എന്നതുമാത്രമാണ് സംഘത്തിനാവശ്യം. എല്ലാത്തരം വൈവിധ്യങ്ങളേയും ബഹുമാനിച്ചു കൊണ്ടുതന്നെ നമുക്ക് മുന്നോട്ട് പോകേണ്ടതുണ്ടെന്നും ഡോ.മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തി പരിശീലനം പൂര്‍ത്തിയാക്കിയ സ്വയംസേവകരുടെ ശാരീരിക് പ്രദര്‍ശനങ്ങളും സമാപന പരിപാടിയുടെ ഭാഗമായി നടന്നു. വര്‍ഗ്ഗിന്‍റെ സര്‍വാധികാരി അവധ് പ്രാന്ത സംഘചാലക് കൃഷ്ണമോഹന്‍, അദൃശ്യ കാദ്‌സിദ്ധേശ്വര്‍ സാമി, വിദര്‍ഭ പ്രാന്ത സംഘചാലക് രാംജി ഹര്‍ക്കരെ, നാഗ്പൂര്‍ മഹാനഗര്‍ സംഘചാലക് രാജേഷ് ലോയ എന്നിവര്‍ പ്രസംഗിച്ചു.
Discussion about this post