ന്യൂദല്‍ഹി: ‘ആസാദി കാ അമൃത് മഹോത്സവി’ല്‍ ഛത്രപതി ശിവാജി മഹാരാജിന്റെ കിരീടധാരണദിനം ഏവര്‍ക്കും പുതുബോധവും പുതിയ ഊര്‍ജവും കൊണ്ടുവന്നതായി പ്രധാനമന്ത്രി പറഞ്ഞു. കിരീടധാരണം 350 വര്‍ഷം മുമ്പുള്ള ചരിത്ര കാലഘട്ടത്തിലെ പ്രത്യേക അധ്യായമാണ്. സ്വയംഭരണത്തിന്റെയും സദ്ഭരണത്തിന്റെയും സമൃദ്ധിയുടെയും മഹത്തായ കഥകള്‍ ഇന്നും ഏവരെയും പ്രചോദിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘ദേശീയ ക്ഷേമവും പൊതുജനക്ഷേമവുമാണ് ശിവാജി മഹാരാജിന്റെ ഭരണത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍’ . ഛത്രപതി ശിവാജി മഹാരാജിന്റെ കിരീടധാരണ ദിനത്തിന്റെ 350ാം വാര്‍ഷികത്തെ അഭിസംബോധനചെയ്യുകയായിരുന്നു മോദി
ഛത്രപതി ശിവാജി മഹാരാജിന്റെ കിരീടധാരണം 350 വര്‍ഷം മുമ്പു നടന്നപ്പോള്‍ അതില്‍ സ്വരാജ്യത്തിന്റെയും ദേശീയതയുടെയും ചൈതന്യം ഉള്‍പ്പെട്ടിരുന്നു. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ഉയര്‍ത്തിപ്പിടിക്കുന്നതിനു ശിവാജി മഹാരാജ് എല്ലായ്‌പ്പോഴും പരമപ്രാധാന്യം നല്‍കിയിരുന്നു. ഇന്ന്, ഛത്രപതി ശിവാജി മഹാരാജിന്റെ ചിന്തകളുടെ പ്രതിഫലനം ‘ഏകഭാരതം, ശ്രേഷ്ഠഭാരതം’ എന്ന ദര്‍ശനത്തില്‍ കാണാന്‍ കഴിയും പ്രധാനമന്ത്രി പറഞ്ഞു.
, ഛത്രപതി ശിവാജി മഹാരാജിന്റെ കാലത്തു രാജ്യത്തിന്റെ ആത്മവിശ്വാസ നിലവാരം ഊഹിക്കാവുന്നതേയുള്ളൂ. നൂറുകണക്കിനു വര്‍ഷത്തെ അടിമത്തം കാരണം പൗരന്മാരുടെ ആത്മവിശ്വാസം ഏറ്റവും താഴ്ന്ന നിലയിലായിരന്നു. അധിനിവേശവും ചൂഷണവും ദാരിദ്ര്യവും സമൂഹത്തെ ദുര്‍ബലമാക്കി.. ‘നമ്മുടെ സാംസ്‌കാരികകേന്ദ്രങ്ങള്‍ ആക്രമിച്ചു ജനങ്ങളുടെ മനോവീര്യം തകര്‍ക്കാനുള്ള ശ്രമമാണു നടന്നത്. ഛത്രപതി ശിവാജി മഹാരാജ് അധിനിവേശക്കാരോടു പോരാടുക മാത്രമല്ല, സ്വയംഭരണം സാധ്യമാണെന്ന വിശ്വാസം ജനങ്ങളില്‍ വളര്‍ത്തുകയും ചെയ്തു. അടിമത്ത മനോഭാവം അവസാനിപ്പിച്ചു രാഷ്ട്രനിര്‍മാണത്തിനായി ജനങ്ങളെ പ്രചോദിപ്പിച്ചു’ മോദി പറഞ്ഞു.
‘സ്വരാജും’ ‘സുരാജും’ സ്ഥാപിച്ച ഛത്രപതി ശിവാജി മഹാരാജിന്റെ വ്യക്തിത്വം മഹത്തരമായിരുന്നു .
ചെറുപ്പത്തില്‍ത്തന്നെ കോട്ടകള്‍ കീഴടക്കി ശത്രുക്കളെ തോല്‍പ്പിച്ച്, ശിവാജി മഹാരാജ് സൈനികനേതൃത്വത്തിന്റെ മാതൃക കാട്ടി. മറുവശത്ത്, രാജാവെന്ന നിലയില്‍ പൊതുഭരണരംഗത്തു പരിഷ്‌കാരങ്ങള്‍ നടപ്പാക്കി സദ്ഭരണത്തിന്റെ വഴി കാട്ടുകയും ചെയ്തു. ഒരുവശത്ത്, അധിനിവേശക്കാരില്‍നിന്നു തന്റെ രാജ്യത്തെയും സംസ്‌കാരത്തെയും സംരക്ഷിച്ചു. മറുവശത്ത്, രാഷ്ട്രനിര്‍മാണത്തിന്റെ സമഗ്രമായ കാഴ്ചപ്പാട് അദ്ദേഹം മുന്നോട്ടുവച്ചു .ശിവാജി മഹാരാജിന്റെ വ്യക്തിത്വത്തിന്റെ വിവിധ വശങ്ങള്‍ ഇന്ന് ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മെ സ്വാധീനിക്കുന്നുണ്ട്. ഇന്ത്യയുടെ സമുദ്രസാധ്യതകള്‍ തിരിച്ചറിഞ്ഞ അദ്ദേഹത്തിന്റെ നിര്‍വഹണ വൈദഗ്ധ്യവും നാവികസേനയുടെ വിപുലീകരണവും ഇന്നും ഏവര്‍ക്കും പ്രചോദനമാണ്. ശക്തമായ തിരമാലകളുടേയും വേലിയേറ്റങ്ങളുടേയും ആഘാതം സഹിച്ചും സമുദ്രമധ്യത്തില്‍ അദ്ദേഹം നിര്‍മിച്ച കോട്ടകള്‍ പ്രൗഢിയോടെ നില്‍ക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബ്രിട്ടീഷ് ഭരണത്തിന്റെ സ്വത്വമുള്ള ഇന്ത്യന്‍ നാവികസേനയുടെ പതാകയ്ക്കുപകരം ശിവാജി മഹാരാജിന്റെ ചിഹ്നം സ്ഥാപിച്ചു. അതിലൂടെ, കഴിഞ്ഞ വര്‍ഷം ഇന്ത്യ നാവികസേനയെ അടിമത്തത്തില്‍നിന്നു മോചിപ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘ഇപ്പോള്‍, ഈ പതാക സമുദ്രത്തിലും ആകാശത്തും പുതിയ ഇന്ത്യയുടെ അഭിമാനത്തിന്റെ പ്രതീകമാണ്’ മോദി കൂട്ടിച്ചേര്‍ത്തു.
‘ഛത്രപതി ശിവാജി മഹാരാജിന്റെ ധീരതയും പ്രത്യയശാസ്ത്രവും നീതിബോധവും നിരവധി തലമുറകളെ പ്രചോദിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ധീരമായ പ്രവര്‍ത്തനശൈലിയും തന്ത്രപരമായ വൈദഗ്ധ്യവും സമാധാനപരമായ രാഷ്ട്രീയ സംവിധാനവും ഇന്നും നമുക്ക് പ്രചോദനമാണ്’ . ഛത്രപതി ശിവാജി മഹാരാജിന്റെ നയങ്ങള്‍ ലോകത്തെ പല രാജ്യങ്ങളിലും ചര്‍ച്ച ചെയ്യപ്പെടുന്നു എന്നതില്‍ അഭിമാനമുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു.
‘ഛത്രപതി ശിവാജി മഹാരാജിന്റെ സ്വപ്നങ്ങളുടെ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ഈ യാത്ര ‘സ്വരാജ്, സദ്ഭരണം, സ്വയംപര്യാപ്തത’ എന്നിവയുടെ യാത്രയായിരിക്കും. ഇതു വികസിത ഇന്ത്യക്കായുള്ള യാത്രയായിരിക്കും’ പ്രധാനമന്ത്രി ഉപസംഹരിച്ചു.
Discussion about this post