ഇംഫാൽ: മണിപ്പൂരിൽ സമാധാന ശ്രമങ്ങൾ ഫലം കാണുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിന് ശേഷം നിരവധി അക്രമികൾ ആയുധങ്ങൾ വെച്ച് കീഴടങ്ങി. സുരക്ഷാസേനയിൽ നിന്ന് മോഷ്ടിച്ചതുൾപ്പടെയുള്ള ആയുധങ്ങളാണ് ഹാജരാക്കിയതെന്ന് പോലീസ് അറിയിച്ചു. സംഘർഷം കുറഞ്ഞതോടെ പല ജില്ലകളിലും കർഫ്യു ഇളവ് നൽകി.
അക്രമികൾ ആയുധം താഴെവെക്കണമെന്നും, സുരക്ഷാ സേനയിൽ നിന്ന് മോഷ്ടിച്ച ആയുധങ്ങൾ തിരികെ നൽകണമെന്നും സമാധാന ചർച്ചകൾക്കൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിറകെയാണ് മണിപ്പൂരിൽ വിവിധയിടങ്ങളിൽ അക്രമികൾ ആയുധം വെച്ച് കീഴടങ്ങിയത്. സുരക്ഷാ സേനയിൽ നിന്ന് മോഷ്ടിച്ചതുൾപ്പടെ 140 ആയുധങ്ങൾ ഹാജരാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കൂടാതെ സംഘർഷ ബാധിത മേഖലകളിൽ ജനജീവിതം സാധാരണ ഗതിയിലേക്ക് മടങ്ങിത്തുടങ്ങി.
സംഘർഷം കുറഞ്ഞതോടെ ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപൂർ , ചുരാചന്ദ്പൂർ , തൗബാൽ തുടങ്ങിയ മേഖലകളിൽ കർഫ്യു ഇളവ് നൽകിയിട്ടുണ്ട്. തമെങ്‌ലോങ്, നോനി, സേനാപതി, ഉഖ്രുൽ, കാംജോങ് എന്നിവിടങ്ങളിൽ കർഫ്യൂ പൂർണമായും പിൻവലിച്ചു. 272 ദുരിതാശ്വാസ ക്യാമ്പുകളിലായി 37,450 പേർ താമസിക്കുന്നുണ്ടെന്നും ഇവരെ വീടുകളിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികൾ സ്ഥിഗതികൾ നിരീക്ഷിച്ച ശേഷം ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. മൂന്ന് ദിവസം സംസ്ഥാനത്ത് തങ്ങിക്കൊണ്ടാണ് സമാധാന നീക്കങ്ങൾക്ക് അമിത്ഷാ ചുക്കാൻ പിടിച്ചത്. പ്രശ്‌നബാധിത മേഖലകളിൽ നേരിട്ടെത്തി ജനങ്ങളുമായും സാമുദായിക നേതാക്കളുമായും ചർച്ച നടത്തിയ അമിത്ഷാ സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.
Discussion about this post