ന്യൂദല്‍ഹി: ഭീകര സംഘടനയായ ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സുമായി(കെടിഎഫ്) ബന്ധപ്പെട്ട കേസില്‍ പഞ്ചാബിലെയും ഹരിയാനയിലെയും വിവിധ സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തി. പഞ്ചാബിലെ ഒന്‍പത് സ്ഥലങ്ങളിലും ഹരിയാനയിലെ ഒരു സ്ഥലത്തുമായിരുന്നു റെയ്ഡ്. ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന് ധനസഹായം നല്‍കുന്നവരുടെയും അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കടത്താനുള്ള ഗൂഢാലോചനയില്‍ പങ്കുള്ളവരെന്ന് സംശയിക്കുന്നവരുടെയും ഒളിത്താവളങ്ങള്‍ കണ്ടെത്തിയായിരുന്നു പരിശോധന.
പഞ്ചാബിലും ഹരിയാനയിലും ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കെടിഎഫ് തയ്യാറെടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ സ്ഫോടനങ്ങള്‍ മുതല്‍ കൊലപാതകം വരെ ഉള്‍പ്പെടുന്നു. നിരവധി പ്രദേശവാസികള്‍ അവര്‍ക്കായി ഫണ്ട് സ്വരൂപിക്കുന്നുണ്ടെന്നും ചിലര്‍ പാകിസ്ഥാനില്‍ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കടത്താന്‍ സഹായിക്കുന്നുണ്ടെന്നും എന്‍ഐഎ കണ്ടെത്തി.
പഞ്ചാബിലെ ശ്രീമുക്ത്‌സര്‍ സാഹിബ് ജില്ലയിലെ ഒരു കളിപ്പാട്ട വില്‍പ്പനക്കാരന്റെ ഒളിത്താവളത്തില്‍ നടത്തിയ റെയ്ഡില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തു. അബോഹര്‍ റോഡ് ബൈപാസില്‍ താമസിക്കുന്ന ഇയാളെ ചോദ്യം ചെയ്യുന്നതിനായി ചണ്ഡീഗഡിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഫിറോസ്പൂരിലെ തല്‍വണ്ടി ഭായ് മേഖലയിലും റെയ്ഡ് നടത്തി, സംശയിക്കുന്ന ചിലരെ ഇവിടെ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഹരിയാനയിലെ കൈഥലില്‍ മയക്കുമരുന്ന് വ്യാപാരികളായ സഹോദരങ്ങളുടെ വീട്ടിലും റെയ്ഡ് നടത്തി. ചുഹദ്മജ്ര ഗ്രാമത്തിലെ റെയ്ഡ് നാല് മണിക്കൂര്‍ നീണ്ടുനിന്നു. നാല് മാസം മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കെടിഎഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് ഒരു മതമൗലികവാദ സംഘടനയാണെന്നും പഞ്ചാബില്‍ തീവ്രവാദം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്കിയിരുന്നു. മന്ത്രാലയം കൊടുംഭീകരനെന്ന് പ്രഖ്യാപിച്ച ഹര്‍ദീപ് സിങ് നിജ്ജാറാണ് ഇതിന്റെ തലവന്‍. ഇയാള്‍ കാനഡ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ജലന്ധറിലെ ഭാര്‍സിംഗ് പുര ഗ്രാമത്തിലുള്ള നിജ്ജാറിന്റെ സ്വത്തുക്കളും നേരത്തെ കണ്ടുകെട്ടിയിരുന്നു.














