ഭുവനേശ്വര്‍: പത്ത് ദിവസത്തെ തയാറെടുപ്പ്, 1100 പ്രവര്‍ത്തകര്‍… പുരിയില്‍ ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ ഒഴുകിയെത്തി രഥയാത്രയെ വരവേറ്റും നിയന്ത്രിച്ചും വന്നെത്തിയവര്‍ക്കെല്ലാം സൗകര്യങ്ങളൊരുക്കിയും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വിസ്മയം സൃഷ്ടിച്ചു. നഗരകവാടത്തില്‍ ഭക്തരെ വരവേറ്റതുമുതല്‍ പകല്‍ മുഴുവന്‍ നീണ്ട യാത്രകളില്‍ തളര്‍ന്നുപോയവര്‍ക്ക് ആതുരശുശ്രൂഷ വരെ അവര്‍ ഒരുക്കി. ജഗന്നാഥപുരി ക്ഷേത്രത്തിലേക്കുള്ള പാതയില്‍ അഞ്ഞൂറ് മീറ്റര്‍ ദൂരം മനുഷ്യച്ചങ്ങല തീര്‍ത്താണ് അവര്‍ ജനാവലിയെ നിയന്ത്രിച്ചത്.
ഭക്തിലഹരിയിലമര്‍ന്ന പുരിയുടെ രഥവീഥിയില്‍ ആംബുലന്‍സുകള്‍ക്കായി വഴിയൊരുക്കാനാവാതെ പോലീസ് സംവിധാനം പകച്ചു നിന്നപ്പോള്‍ ആ പ്രവര്‍ത്തനവും സ്വയംസേവകര്‍ ഏറ്റെടുത്തു. ഓരോ പത്ത് മീറ്ററിനുള്ളിലും കുടിവെള്ളവും ഭക്ഷണവും ഒരുക്കിയിരുന്നു. രഥയാത്ര കടന്നുപോകുന്ന വഴികള്‍ അതിന് തൊട്ടുപിന്നാലെ ശുചീകരിച്ചും അവര്‍ മാതൃക തീര്‍ത്തു. ആരോഗ്യപരിരക്ഷയ്ക്കായി 15 ഇടങ്ങളില്‍ താത്കാലിക ക്ലിനിക്കുകള്‍ തയാറാക്കി. ഡോക്ടര്‍മാരുടെ സേവനവും ഈ ക്ലിനിക്കുകളില്‍ ലഭ്യമാക്കിയിരുന്നു.
ഒഡീഷ സര്‍ക്കാരും പോലീസ് അധികാരികളും ആര്‍എസ്എസിന്റെ ചിട്ടയോടെയുള്ള പ്രവര്‍ത്തനെ അനുമോദിച്ച് രംഗത്തുവന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന രഥയാത്രയില്‍ ഇക്കുറി അഭൂതപൂര്‍വമായ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.
Discussion about this post