പാട്‌ന: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാനി ആവാം മോര്‍ച്ച (എച്ച്എഎം) ദേശീയ ജനാധിപത്യ സഖ്യത്തില്‍(എന്‍ഡിഎ) ചേര്‍ന്നു. മോദിവിരുദ്ധ മഹാസഖ്യം രൂപീകരിക്കാനിറങ്ങിയ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ മുന്നണിയില്‍ നിന്ന് വിട്ട് എന്‍ഡിഎയില്‍ ചേരുന്ന മൂന്നാമത്തെ പാര്‍ട്ടിയാണ് എച്ച്എഎം. നേരത്തെ, മുന്‍ മന്ത്രി മുകേഷ് സാഹ്നിയുടെ വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും മുന്‍ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് ജനതാദളും നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം ഉപേക്ഷിച്ച് എന്‍ഡിഎയില്‍ ചേര്‍ന്നിരുന്നു.
കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ജിതന്‍ റാം മാഞ്ചി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തിന്റെ മകന്‍ സന്തോഷ് കുമാര്‍ മാഞ്ചി നിതീഷ് മന്ത്രിസഭയില്‍ നിന്ന് രാജിവച്ചത്.
എച്ച്എഎം നിയമസഭാംഗങ്ങള്‍ ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര അലേക്കറെ കണ്ട് മഹാസഖ്യത്തിനുള്ള പിന്തുണ പിന്‍വലിക്കാനുള്ള തീരുമാനം അറിയിച്ചു. നിയമസഭയില്‍ എച്ച്എഎമ്മിന് നാല് എംഎല്‍എമാരാണുള്ളത്. 2015ലാണ് ജനതാദള്‍ (യു) വിട്ട് മറ്റ് 18 പേര്‍ക്കൊപ്പം വിട്ട് ജിതന്‍ റാം മാഞ്ചി ഹിന്ദുസ്ഥാനി ആവാം മോര്‍ച്ച (സെക്കുലര്‍) രൂപീകരിച്ചത്.
Discussion about this post