റായ്പൂര്‍: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര നിയമ കമ്മിഷന്റെ നടപടികള്‍ റായ്പൂരില്‍ ചേര്‍ന്ന വിശ്വഹിന്ദു പരിഷത്ത് കേന്ദ്ര ഗവേണിങ് കൗണ്‍സില്‍ യോഗം സ്വാഗതം ചെയ്തു. ഈ വിഷയത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും അഭിപ്രായം ആരായാനുള്ള കമ്മിഷന്‍ നടപടി സംതൃപ്തി നല്കുന്നതാണെന്ന് വിഎച്ച്പി വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍ പറഞ്ഞു. എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം സ്വരൂപിച്ച്, നിര്‍ദേശങ്ങള്‍ പരിഗണിച്ച് ഏകീകൃത സിവില്‍ നിയമം നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ 44-ാം അനുച്ഛേദം അനുശാസിക്കുന്നത് ഏക സിവില്‍ നിയമമാണ്. ഭരണഘടനയോട് യഥാര്‍ത്ഥ വിശ്വാസവും വിധേയത്വവും പുലര്‍ത്തുന്നു എന്ന് പ്രതിജ്ഞയെടുക്കുന്ന എംപിമാരും എംഎല്‍എമാരും ഇക്കാലമത്രയും ഇത് നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടു എന്നത് ഖേദകരമാണ്.
സരള മുദ്ഗലിന്റെ കേസില്‍ സുപ്രീം കോടതി ഏക സിവില്‍ നിയം എത്രയും വേഗം നടപ്പാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞതാണെന്ന് വിഎച്ച്പി നേതാവ് ചൂണ്ടിക്കാട്ടി. പല ഹൈക്കോടതികളും ഇക്കാര്യം ആവര്‍ത്തിച്ചിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 51 എ പ്രകാരം, ‘മതപരമായ വൈവിധ്യങ്ങള്‍ക്കതീതമായി ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കിടയില്‍ ഐക്യവും പൊതു സാഹോദര്യത്തിന്റെ ആത്മാവും പ്രോത്സാഹിപ്പിക്കുക’ എന്നത് എല്ലാ പൗരന്മാരുടെയും അടിസ്ഥാന കടമയാണെന്ന് കോടതി തന്നെ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. ക്രിമിനല്‍ നിയമങ്ങള്‍, സ്വത്ത്, കരാര്‍, വാണിജ്യ നിയമങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ളവ പൊതു നിയമങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന രാജ്യത്തെ എന്തുകൊണ്ടാണ് കുടുംബ നിയമങ്ങള്‍ മാത്രം അപവാദമാകുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ഒരു പ്രത്യേക മതസമൂഹത്തിന്റെ വ്യക്തിനിയമങ്ങള്‍ സ്ത്രീകളുടെ അന്തസ്സും സമത്വവും മറ്റ് അവകാശങ്ങളും ഗുരുതരമായി ലംഘിക്കുന്നതാണ്. ബഹുഭാര്യത്വം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അവരുടെ വ്യവസ്ഥകള്‍ 1400 വര്‍ഷം പിന്നിലാണ്. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സമൂഹത്തിനുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
Discussion about this post