ന്യൂദല്‍ഹി: പാകിസ്ഥാനില്‍ സിഖ് ജനതയ്ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ അമര്‍ഷം പ്രകടിപ്പിച്ചു. ന്യൂദല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മിഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി, സംഭവങ്ങള്‍ ഗൗരവമായി അന്വേഷിക്കണമെന്ന് ഷഹബാസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
രണ്ട് ദിവസത്തെ ഇടവേളയില്‍ പാക്കിസ്ഥാനിലെ പെഷവാറില്‍ രണ്ട് പേരാണ് വെടിയേറ്റ് മരിച്ചത്. ബുധനാഴ്ച റാഷിദ് ഗാര്‍ഹിയില്‍ നിന്ന് പെഷവാറിലേക്ക് പോവുകയായിരുന്ന മന്‍മോഹന്‍സിങ്(35) എന്ന യുവാവിനെ ഒരു സംഘം ആളുകള്‍ വെടിവച്ചുകൊന്നതാണ് ഒടുവിലത്തെ സംഭവം.
മൂന്ന് മാസത്തിനിടെ നാല് തവണയാണ് സമാനമായ സംഭവങ്ങളുണ്ടായത്. ഇക്കാര്യത്തില്‍ ഇന്ത്യ ആശങ്ക പുറപ്പെടുവിച്ചു. തുടര്‍ച്ചയായ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് പാക്‌ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥനോട് സര്‍ക്കാര്‍ വ്യക്തമാക്കി. സംഭവങ്ങളില്‍ സമഗ്രമായ അന്വേഷണം വേണം. അന്വേഷണ വിവരങ്ങള്‍ ഇന്ത്യയുമായും കൈമാറണം. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുകയാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.













