ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ നിയമത്തിന്റെ കരട് ഏകദേശം പൂര്‍ത്തിയായി. വിഗദ്ധ സമിതി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് സഹിതം നിയമത്തിന്റെ കരട് സംസ്ഥാനസര്‍ക്കാരിന് സമര്‍പ്പിക്കും. പൊതു വ്യക്തിനിയമം സാര്‍വത്രികമാക്കാന്‍ ആഗ്രഹിക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാന്‍ കഴിയുന്ന കരട് ബില്ലാണ് സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കുന്നതെന്ന് വിദഗ്ധസമിതിയംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
കുറഞ്ഞ വിവാഹപ്രായം, വിവാഹം, വിവാഹമോചനം, സ്വത്ത് പങ്കുവയ്ക്കല്‍ തുടങ്ങി ഉത്തരവാദിത്തമുള്ള രക്ഷാകര്‍തൃത്വം കൈകാര്യംചെയ്യുന്ന വിഷയങ്ങളില്‍ അന്തിമ മിനുക്കുപണികള്‍ കൂടി കഴിഞ്ഞാല്‍ ബില്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും.
2022 മെയ് മാസത്തിലാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള സമിതിക്ക് രൂപം നല്കിയത്. ദല്‍ഹി ഹൈക്കോടതി റിട്ട ജഡ്ജി പ്രമോദ് കോഹ്ലി, സാമൂഹിക പ്രവര്‍ത്തകന്‍ മനു ഗൗര്‍, റിട്ട. ബ്യൂറോക്രാറ്റ് ശത്രുഘ്നന്‍ സിങ്, ഡൂണ്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ സുരേഖ ദങ്വാള്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
ഒരു വര്‍ഷമായി സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലുള്ളവരുമായി സമിതി വിപുലമായ കൂടിയാലോചനകള്‍ നടത്തി. 2.31 ലക്ഷത്തിലധികം രേഖാമൂലമുള്ള നിവേദനങ്ങള്‍ സ്വീകരിച്ചു, അതേസമയം മുസ്ലിം സ്ത്രീകള്‍ ഉള്‍പ്പെടെ 20,000 പേര്‍ പാനലിന് മുന്നില്‍ ഹാജരായി അഭിപ്രായം രേഖപ്പെടുത്തി. എല്ലാറ്റിനും ഒടുവില്‍ ജൂണ്‍ 14ന് ദല്‍ഹിയില്‍ പൊതു സംവാദം സംഘടിപ്പിച്ചതിന് ശേഷമാണ് കരട് ബില്ലിന് അന്തിമ രൂപം നല്‍കാന്‍ തീരുമാനിച്ചത്. അടുത്ത കാലത്തായി സര്‍ക്കാര്‍ നിയോഗിച്ച സമിതികള്‍ നടത്തിയ ഏറ്റവും വിപുലമായ അഭിപ്രായ ശേഖരണമാണ് ഏകീകൃത സിവില്‍ കോഡിനായി നടന്നത്. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിനായി നടത്തിയ കൂടിയാലോചനകളേക്കാള്‍ വിപുലമായിരുന്നു ഇതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. റിപ്പോര്‍ട്ടിലെ പ്രധാന ഭാഗങ്ങളിലൊന്ന് ‘ഉത്തരവാദിത്തമുള്ള രക്ഷാകര്‍തൃത്വ’ത്തിലൂടെ ജനസംഖ്യാ നിയന്ത്രണം എന്നതാണ്. ഈ വിഷയത്തില്‍, കേന്ദ്രമന്ത്രി സഞ്ജീവ് ബാലയന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച പാരന്റ്ഹുഡ് പ്രൈവറ്റ് മെംബേഴ്‌സ് ബില്ലും പാനല്‍ പരിഗണിച്ചു.
125 എംപിമാര്‍ ഒപ്പിട്ട ബില്‍ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും സര്‍ക്കാര്‍ അത് നടപ്പാക്കിയിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി 2019 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ രാജ്യത്തെ ‘ജനസംഖ്യാ വിസ്‌ഫോടനത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഈ വര്‍ഷം ആദ്യം, ഉത്തരാഖണ്ഡ് ഏകീകൃത സിവില്‍ കോഡ് പാനലിന്റെ സാധുത സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടെങ്കിലും കോടതി ഹര്‍ജി തള്ളിക്കളയുകയായിരുന്നു.
Discussion about this post