പൂനെ: യുദ്ധമെന്നത് ധര്‍മ്മസംരക്ഷണമല്ല, ധര്‍മ്മസംരക്ഷണത്തിന്റെ ഭാഗം മാത്രമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്. ധൂലെ സന്‍സ്ഥയിലെ ശ്രീ സമര്‍ത്ഥ് വാഗ്‌ദേവത മന്ദിര്‍ പ്രസിദ്ധീകരിച്ച സ്വാമി സമര്‍ത്ഥ രാമദാസ് രചിച്ച വാത്മീകി രാമായണത്തിന്റെ ഭാഷ്യം എട്ട് വോല്യങ്ങള്‍ പൂനെയില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. സമാജത്തിന് ദിശാബോധം നല്കാന്‍ ശ്രീരാമന് തുല്യനായ ഒരു രാജാവ് ആവശ്യമാണെന്ന ബോധ്യത്തിലാണ് ആക്രമണങ്ങളുടെ ആ കാലത്ത് ഛത്രപതി ശിവാജിയെ സമര്‍ത്ഥരാമാദാസ് വളര്‍ത്തിയതെന്ന് സര്‍സംഘചാലക് പറഞ്ഞു.
സമൂഹത്തിന് ദിശാബോധം നല്‍കുന്നതിന് അനുയോജ്യനായ രാജാവിന്റെ രൂപം അനിവാര്യമാണ്. ഭഗവാന്‍ ശ്രീരാമന് ശേഷം സമര്‍ത്ഥ രാമദാസ് ഛത്രപതി ശിവജി മഹാരാജിനെ ഒരു ഉത്തമ രാജാവാക്കി ഉയര്‍ത്തി. ആ കാലഘട്ടം ആക്രമണങ്ങളുടേതായിരുന്നു. യുദ്ധം ധര്‍മ്മ സംരക്ഷണത്തിന്റെ ഒരു ഭാഗം മാത്രമാണ്, പ്രതിരോധവും പെരുമാറ്റവും സംസ്‌കാരവും സമവായവുമെല്ലാം ധര്‍മ്മസംരക്ഷണത്തിന്റെ ഭാഗങ്ങളാണ്. ഇതെല്ലാം ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ ചെയ്തു. അതുകൊണ്ടാണ് ധര്‍മ്മരക്ഷയ്ക്കായി തപസ് അനഷ്ഠിച്ച അക്കാലത്തെ എല്ലാ സംന്യാസിമാരും ശ്രീരാമചന്ദ്രനെ ജനങ്ങള്‍ക്ക് മുന്നില്‍ മാതൃകയായി അവതരിപ്പിച്ചത്. കാലാനുസൃതമായി ധര്‍മ്മത്തെ എങ്ങനെ പിന്തുടരണമെന്നതിന് മാതൃകകള്‍ വേണം. സമാജത്തെ അതിനായി ഒരുമിപ്പിക്കണം. ഭിന്നതകളുടെ അടയാളങ്ങള്‍ പോലും ഇല്ലാതാകും വിധം സമാജം സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും വേണം, മോഹന്‍ ഭാഗവത് പറഞ്ഞു.
ലോകം കാലങ്ങളായി പല വെല്ലുവിളികളെ നേരിടുന്നു. അതിനുള്ള പരിഹാരം തേടി രണ്ടായിരം വര്‍ഷമായി നിരവധി പരീക്ഷണങ്ങള്‍ നടത്തുന്നു. ഇന്ന് എല്ലാ ചോദ്യങ്ങളുടെയും ഉത്തരം ഭാരതം നല്‍കുമെന്ന പ്രതീക്ഷയാണ് ലോകത്തിനുള്ളത്. എന്നാല്‍ ഭാരതീയ ജനത ഇത് തിരിച്ചറിയുന്നുണ്ടോ എന്നതാണ് ചോദ്യം. ഇപ്പോള്‍ അടിമത്തത്തിന്റെ കാലമല്ല, പക്ഷേ മാനസികാവസ്ഥ ഇപ്പോഴും അടിമത്തത്തിന്റേതാണ്. അത് പൂര്‍ണമായും മാറണം. ദേശീയ ഉണര്‍വിനായുള്ള പ്രവര്‍ത്തനങ്ങളെ ജനം ഏറ്റെടുക്കണം, സര്‍സംഘചാലക് ഓര്‍മ്മിപ്പിച്ചു.
പരിപാടിയില്‍ ധൂലെ സന്‍സ്ഥ മുന്‍ അദ്ധ്യക്ഷന്‍ ശരദ് കുബേര്‍ ആമുഖ ഭാഷണം നടത്തി. പ്രൊഫ. ദേവേന്ദ്ര ദോംഗ്രെ, പ്രൊഫ. അരവിന്ദ് ജോഷി, ഫുല്‍ഗാവ് ശ്രുതിസാഗര്‍ ആശ്രമത്തിലെ സ്വാമി സ്വരൂപാനന്ദ സരസ്വതി, ആര്‍എസ്എസ് പശ്ചിമ മഹാരാഷ്ട്ര പ്രാന്ത സംഘചാലക് നാനാസാഹേബ് ജാദവ് എന്നിവര്‍ പങ്കെടുത്തു.
Discussion about this post