ഇംഫാല്‍: മണിപ്പൂരില്‍ അക്രമത്തില്‍ അരക്ഷിതരായവര്‍ക്ക് സഹായവുമായി ആര്‍എസ്എസിന്റെയും സേവാഭാരതിയുടെയും പ്രവര്‍ത്തകര്‍. ബിഷ്ണുപൂരിലെയും ചുരാചന്ദ്പൂരിലെയും സംഘര്‍ഷമേഖലകളില്‍ ഒറ്റപ്പെട്ടുപോയവര്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും സഹായമെത്തിക്കുന്നതിനായി ആര്‍എസ്എസ് മണിപ്പൂര്‍ പ്രാന്ത കാര്യകാരി അംഗം ലായ്ശ്രാം ജത്ര സിങ്ങിന്റെ നേതൃത്വത്തില്‍ ഇരുന്നൂറിലേറെ പ്രവര്‍ത്തകരാണ് രംഗത്തുള്ളത്.
പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ മനസ്സിലാക്കി മുതിര്‍ന്നവരുടെ ചെറുയോഗങ്ങള്‍ വിളിച്ച് സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുകയാണ് ഇവര്‍. ബിഷ്ണുപൂരില്‍ ഏറ്റവുമധികം അക്രമം നടന്ന ഖോയ്ജുമന്റാബിയില്‍ സംഘം സന്ദര്‍ശിച്ചു. സ്ത്രീകളും മുതിര്‍ന്നവരുമടങ്ങുന്ന ആളുകളെ വിളിച്ചുചേര്‍ത്ത് കാര്യങ്ങള്‍ മനസ്സിലാക്കി.
കുക്കി ഭീകരര്‍ ജൂലൈ രണ്ടിന് കൊലപ്പെടുത്തിയ നിങ്‌ഗോംബം ഇബോംച, ഹാവ്ബം ഇബോംച, നരോം രാജ്കുമാര്‍ എന്നിവരുടെ വീടുകള്‍ സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. അക്രമത്തിനിരകളായ എല്ലാ കുടുംബങ്ങളിലും അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിന് പുറമേ ഒരോ വീട്ടിലും പതിനായിരം രൂപ അടിയന്തരവശ്യങ്ങള്‍ക്കായി കൈമാറുകയും ചെയ്തു. ഒറ്റപ്പെട്ടുപോയ കുടുംബങ്ങള്‍ക്കായി സേവാഭാരതിയുടെ നേതൃത്വത്തില്‍ പതിനെട്ട് അഭയകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.
ബിഷ്ണുപൂരിലെ ഹരാഒറോവിലെ രാജര്‍ഷി ഭാഗ്യചന്ദ്ര സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിലെ സേവാഭാരതി അഭയകേന്ദ്രത്തില്‍ ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ലെയ്തന്‍ പോക്പി, ഇകൗ, സദുലാംപാക്, സദു യെങ്കുമന്‍ എന്നിവിടങ്ങളില്‍ വീട് നഷ്ടപ്പെട്ട നൂറിലേറെപ്പേര്‍ കഴിയുന്നത്. സേവാഭാരതി കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്ക് സ്‌കില്‍ ഡെവലപ്‌മെന്റിനുള്ള പരിശീലനവും ലഭിക്കുന്നുണ്ട്.
അഭയകേന്ദ്രങ്ങളിലുള്ളവര്‍ നിലവിലുള്ളതെല്ലാം നഷ്ടപ്പെട്ടവരാണെന്നും സമാധാനം പുനഃസ്ഥാപിച്ചാലും അവര്‍ക്ക് മുന്നോട്ടുപോകുന്നതിനാവശ്യമായ കരുത്തും സാഹചര്യവും ഒരുക്കേണ്ടതുണ്ടെന്നും ലായ്ശ്രാം ജത്ര സിങ് പറഞ്ഞു. അതിനുകൂടിയുള്ള പ്രവര്‍ത്തനങ്ങളാണ് പ്രദേശത്ത് സേവാഭാരതി നിര്‍വഹിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post