ഇംഫാല്‍: മണിപ്പൂരിലെ സംഘര്‍ഷങ്ങളില്‍ മാപ്പപേക്ഷയുമായി ഇന്‍ഡിജനസ് ട്രൈബല്‍ ലീഡര്‍ ഫോറം(ഐടിഎല്‍എഫ്). മെയ്‌തെയ് വിഭാഗത്തിന് നേരെ അക്രമം നടത്തുന്നതിന് പ്രേരിപ്പിക്കുന്ന വിധത്തില്‍ കുക്കി ജനവിഭാഗത്തെ തെറ്റിദ്ധരിപ്പിച്ചതിന്റെ പേരില്‍ ഹൃദയം കൊണ്ട് ക്ഷമ ചോദിക്കുന്നുവെന്ന് ഐടിഎല്‍എഫ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
വനവാസി ജനതയുടെ ക്ഷേമത്തിനും ഐക്യത്തിനും പ്രതിജ്ഞാബദ്ധമായ സംഘടനയാണ് ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡര്‍ ഫോറം. എന്നാല്‍ നിര്‍ഭാഗ്യകരമായ സംഘട്ടനത്തില്‍ നിരപരാധികളായ കുക്കി ജനതയെ തെറ്റിദ്ധരിപ്പിക്കുന്നതിലും അക്രമത്തിലേക്ക് നയിക്കുന്നതിലും കാരണമായ തെറ്റായ പ്രവര്‍ത്തനങ്ങളെ സംഘടന തിരിച്ചറിയുന്നു. തെറ്റ് അംഗീകരിക്കുകയും അതില്‍ അഗാധമായി ഖേദിക്കുകയും ചെയ്യുന്നു, പ്രസ്താവനയില്‍ പറയുന്നു.
പ്രാദേശിക ഗോത്ര സമൂഹങ്ങള്‍ക്കിടയില്‍ സൗഹാര്‍ദവും പരസ്പര ബഹുമാനവും സമാധാനവും സഹവര്‍ത്തിത്വവും പ്രോത്സാഹിപ്പിക്കുകയാണ് ഐടിഎല്‍എഫിന്റെ ദൗത്യം. എന്നാല്‍ ഈ അടിസ്ഥാന തത്ത്വങ്ങള്‍ പാലിക്കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. ഈ തെറ്റ് കനത്ത ഹൃദയത്തോടെ അംഗീകരിക്കുന്നു. കുക്കി, മെയ്‌തേയ് വിഭാഗങ്ങളെ ബാധിച്ച കടുത്ത ആഘാതങ്ങള്‍ക്കാണ് ഇത് ഇടവരുത്തിയതെന്ന് തിരിച്ചറിയുന്നു. പരസ്പര വിശ്വാസം നഷ്ടമാാകുകയും സംഘര്‍ഷത്തിലേക്ക് വീണുപോവുകയും ചെയ്ത നിരപരാധികളായ എല്ലാവരോടും ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു, പ്രസ്താവന തുടരുന്നു.
ഇരുസമുദായങ്ങളും തമ്മില്‍ തുറന്ന സംവാദം, സമാധാന നടപടികള്‍ എന്നിവയിലൂടെ സ്ഥിതിഗതികള്‍ ശരിയാക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നതായി ഐടിഎല്‍എഫ് അറിയിച്ചു.
Discussion about this post