ന്യൂദല്‍ഹി: കനത്ത മഴയില്‍ യമുനാ നദി കര കവിഞ്ഞൊഴുകുന്നു. വ്യാഴാഴ്ച രാവിലെ 208.48 മീറ്ററാണ് യമുനയിലെ ജല നിരപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. റെക്കോഡ് ജലനിരപ്പാണിത്. സമീപത്തെ പ്രദേശങ്ങളും റോഡുകളും വെള്ളത്തില്‍ മുങ്ങിയതോടെ ദല്‍ഹി നഗരവും വെള്ളത്തിനടിയിലായി. ജല നിരപ്പ് ഇനിയും ഉയര്‍ന്നേക്കാമെന്ന് കേന്ദ്ര ജല കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നദി അപകടകരമാം വിധം നിറഞ്ഞൊഴുകിയതോടെ സമീപത്തെ 144 പ്രഖ്യാപിച്ചിരിക്കുകയാണ് ദല്‍ഹി പൊലീസ്. പ്രളയ ബാധിത പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 200 പേര്‍ പ്രളയത്തില്‍ കുടുങ്ങിയതായും രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. യമുനയില്‍ നദിയിലെ ജല നിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മുഖ്യമന്ത്രി അരവന്ദ് കെജ്രിവാള്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
യമുനയില്‍ അണക്കെട്ടുകള്‍ ഒന്നുമില്ല. അതു കൊണ്ടു തന്നെ മണ്‍സൂണില്‍ നദി കരകവിഞ്ഞൊഴുകുന്നത് സ്വാഭാവികമാണ്. ഡെറാഡൂണിലെ ദാക്പത്താര്‍, ഹരിയാനയിലെ ഹാത്‌നികുണ്ഡ് എന്നീ രണ്ട് പ്രധാന ബാരേജുകളാണ് നദിയിലുളളത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി റെക്കോഡ് നിലയിലാണ് നദിയിലെ ജല നിരപ്പ് ഉയരുന്നത്.
പ്രളയസാഹചര്യത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേന ഡല്‍ഹി ദുരിതാശ്വാസ മാനേജ്‌മെന്റ് അഥോറിറ്റിയുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഹരിയാനയിലെ ഹത്‌നികുണ്ട് ബാരേജിലൂടെ വെള്ളം ഒഴുക്കി വിടണമെന്ന് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടു ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post