ലഖ്‌നൗ: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലേക്കുള്ള പാതയെ അലങ്കരിക്കാന്‍ 25 രാമസ്തംഭങ്ങള്‍ ഒരുങ്ങുന്നു. സഹദത്ത്ഗഞ്ജിനും ലതാ മങ്കേഷ്‌കര്‍ ചൗക്കിനുമിടയിലെ 17 കിലോമീറ്റര്‍ പ്രദേശത്താണ് രാമസ്തംഭങ്ങള്‍ സ്ഥാപിക്കുകയെന്ന് അയോധ്യ ഡെവലപ്‌മെന്റ് അതോറിറ്റി അറിയിച്ചു.
പുരാതനക്ഷേത്രങ്ങളിലേതിന് സമാനമായ കൊത്തുപണികളോടെയാവും സ്തംഭങ്ങള്‍ പൂര്‍ത്തീകരിക്കുക. ഈ കൊത്തുപണികളും ശില്പങ്ങളും അയോധ്യയുടെ പ്രൗഢമായ പാരമ്പര്യത്തെയും സംസ്‌കാരത്തെയും ചരിത്രത്തെയും വിളിച്ചോതുന്നതായിരിക്കുമെന്ന് അതോറിറ്റി വൈസ് ചെയര്‍മാന്‍ വിശാല്‍ സിങ് പറഞ്ഞു.
ലഖ്‌നൗ – അയോധ്യ ദേശീയപാതയില്‍നിന്ന് ശ്രീരാമജന്മസ്ഥാനത്തേക്കുള്ള ഈ പാതയെ രാമപഥ് എന്നും ധര്‍മ്മപഥ് എന്നും തിരിച്ചാണ് സ്തംഭനിര്‍മ്മാണം നടത്തുന്നത്. 20 അടി ഉയരവും അഞ്ച് അടി ചുറ്റളവും ഉള്ളതാകും സ്തംഭങ്ങള്‍. ഇവയുടെ മുകളില്‍ സൂര്യചക്രങ്ങള്‍ പിടിപ്പിക്കും. 2.10 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. രൂപകല്പനയുടെ രീതി ശില്പകലയിലെ വിദഗ്ധരുമായി കൂടിയാലോചിച്ച് അന്തിമമായി തീരുമാനിക്കും.
Discussion about this post