ന്യൂഡൽഹി: ബംഗളൂരുവിൽ നടന്ന പ്രതിപക്ഷ യോഗത്തിന് മറുപടിയുമായി എൻഡിഎ യോഗം. എൻഡിഎ എന്നത് ‘ന്യു ഇന്ത്യ’, ‘ഡെവല്പ്‌മെന്റ്’, ‘ആസ്പിറേഷൻസ്’ എന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ന് നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പ്രതിപക്ഷ ഐക്യത്തിന് പുത്തൻ പേരുമായി കോൺഗ്രസ് രംഗത്ത് വന്നിരുന്നു. എന്നാൽ, എൻഡിഎ എന്നത് കാലങ്ങളായുള്ള ഒന്നാണെന്നായിരുന്നു ട്വിറ്ററിലൂടെ പ്രധാനമന്ത്രി മറുപടി നൽകിയത്. ഇതിന് പിന്നാലെയാണ് എൻഡിഎ യോഗത്തിൽ പ്രതിപക്ഷ ഐക്യത്തെ നരേന്ദ്രമോദി കടന്നാക്രമിച്ചത്.
ബിജെപി ഒരിക്കലും ജനവിധിയെ അവഹേളിച്ചിട്ടില്ലെന്നും ഭരിക്കുന്ന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ വിദേശ ശക്തികളുടെ സഹായം സ്വീകരിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ വിദേശ രാജ്യങ്ങളിൽ നടത്തിയിട്ടുള്ള ഇന്ത്യാവിരുദ്ധ പ്രസ്താവനകളെ വിമർശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. പ്രതിപക്ഷത്തായിരുന്നപ്പോഴും നല്ല രാഷ്‌ട്രീയം പറയുകയും പ്രവർത്തിക്കുകയുമാണ് ബിജെപി ചെയ്‌തത്.
മുൻ സർക്കാരുകളുടെ കുംഭകോണങ്ങൾ പുറത്തു കൊണ്ടുവന്നിരുന്നുവെങ്കിലും ജനവിധിയെ ചോദ്യം ചെയ്യുകയോ അപമാനിക്കുകയോ ബിജെപി ചെയ്തിട്ടില്ല. ഭരിക്കുന്ന സർക്കാരുകൾക്കെതിരെ വിദേശ ശക്തികളുടെ സഹായം സ്വീകരിച്ചിട്ടില്ല. രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിന് വേണ്ടിയുള്ള വികസന പദ്ധതികൾക്ക് തടസ്സം സൃഷ്ടിച്ചിട്ടില്ല. എൻഡിഎ-യെ സംബന്ധിച്ചിടത്തോളം രാജ്യം, രാജ്യസുരക്ഷ, പുരോഗതി, ജനങ്ങളുടെ ശാക്തീകരണം എന്നിവയ്‌ക്കാണ് പ്രഥമ പരിഗണന എന്നും പ്രധാനമന്ത്രി പറഞ്ഞു.
ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന്റെ യോഗത്തിൽ 38 രാഷ്‌ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തു. വൈകുന്നേരം ആരംഭിച്ച യോഗത്തിൽ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നു. അതേസമയം 26 പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ കാര്യമായ തീരുമാനങ്ങൾ ഒന്നുമുണ്ടായിട്ടില്ല. പ്രതിപക്ഷത്തിന്റെ സീറ്റ് വിഭജനമടക്കുള്ള കാര്യങ്ങളൊന്നും ഈ യോഗത്തിലും ചർച്ചയായില്ല. അടുത്ത യോഗം മുംബൈയിൽ നടക്കുമെന്ന് അറിയിച്ചെങ്കിലും ഇതിന്റെ തീയതി അറിയിച്ചിട്ടുമില്ല.
Discussion about this post