ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ അഞ്ചാം നില മെച്ചപ്പെടുത്തി ഇന്ത്യ എണ്‍പതാം സ്ഥാനത്ത്. ആഗോള ഇന്‍വെസ്റ്റ്‌മെന്റ് മൈഗ്രേഷന്‍ കണ്‍സല്‍റ്റന്‍സിയായ ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സിന്റെ ഈ വര്‍ഷത്തെ, ലോകത്തിലെ ശക്തമായ പാസ്പോര്‍ട്ടുകളുടെ സൂചികയിലാണ് സ്ഥാനം മെച്ചപ്പെടുത്തിയത്.
ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് നിലവില്‍ വിസയില്ലാതെ 57 രാജ്യങ്ങളില്‍ പ്രവേശിക്കാം. തായ്ലന്‍ഡ്, റുവാണ്ട, ജമൈക്ക, ശ്രീലങ്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് വിസയില്ലാതെയോ വീസ ഓണ്‍ അറൈവല്‍ സൗകര്യത്തിലോ പറക്കാം. അതേസമയം ചൈന, ജപ്പാന്‍, റഷ്യ, യുഎസ്, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയുള്‍പ്പെടെ 177 ഇടങ്ങളിലേക്ക് കടക്കാന്‍ വിസ വേണം.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒന്നാം സ്ഥാനത്തായിരുന്ന ജപ്പാന്‍ ഇത്തവണ മൂന്നാമതാണ്. സിംഗപ്പൂര്‍ ആണ് ഒന്നാമത്. സിംഗപ്പൂര്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് 192 രാജ്യങ്ങളില്‍ വിസാ രഹിത പ്രവേശനം സാധ്യമാകും. ജര്‍മനി, സ്പെയ്ന്‍, ഇറ്റലി എന്നീ രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്ത്. ഇവിടങ്ങളിലെ പാസ്പോര്‍ട്ട് ഉപയോഗിച്ച് 190 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം.
ഓസ്ട്രിയ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജപ്പാന്‍, ലക്സംബര്‍ഗ്, ദക്ഷിണ കൊറിയ, സ്വീഡന്‍ എന്നിവയാണ് മൂന്നാം സ്ഥാനത്ത്, 189 രാജ്യങ്ങളിലേക്കാണ് വിസാ രഹിത പ്രവേശനം സാധ്യമാവുക. ബ്രിട്ടണ്‍ നാലാമതും അമേരിക്ക എട്ടാമതുമാണ്. പട്ടികയില്‍ ഏറ്റവും ഒടുവിലുള്ളത് അഫ്ഗാനിസ്ഥാനാണ്. 27 രാജ്യങ്ങളിലേക്ക് മാത്രമേ അഫ്ഗാനികള്‍ക്ക് വിസയില്ലാതെ പ്രവേശിക്കാനാവൂ.
Discussion about this post