ഇംഫാല്‍: മണിപ്പൂരിലെ പെണ്‍കുട്ടികളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിലെ പ്രധാനപ്രതിയുടെ വീട് അഗ്നിക്കിരയാക്കി ജനക്കൂട്ടം. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ സാധാരണനിലയിലേക്ക് മടങ്ങുന്നതിനിടെ അക്രമത്തിന്റെ തുടക്കത്തിലുണ്ടായ സംഭവം വീഡിയോയിലാക്കി പ്രചരിപ്പിച്ചതിന് പിന്നിലും ദുരൂഹത. വെള്ളിയാഴ്ച രാത്രിയോടെയാണ് ജനക്കൂട്ടം കൊടുംകുറ്റവാളിയായ ഖുയ്‌റും ഹെറാദാസിന്റെ ചെക്മായി മേഖലയിലെ വീട് കൈയേറി ചാമ്പലാക്കിയത്.
വ്യാഴാഴ്ച രാത്രിയാണ് മെയ് 4ന് നടന്ന സംഭവത്തിന്റെ വീഡിയോ ചില സോഷ്യല്‍മീഡിയാ പ്രൊഫൈലുകളിലൂടെ പുറത്തുവന്നത്. വലിയ ജനരോഷമാണ് ഇതോടെ രാജ്യമെമ്പാടും ഉടലെടുത്തത്. സമാനമായ നിരവധി സംഭവങ്ങള്‍ ഈ കാലയളവില്‍ മണിപ്പൂരിലെ സംഘര്‍ഷമേഖലയിലുണ്ടായി എന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ഡോ. ബീരേന്‍സിങ് പ്രതികളെ കണ്ടെത്തി പിടികൂടാന്‍ കര്‍ശനനിര്‍ദേശം നല്കി. കഴിഞ്ഞ ദിവസം രാത്രിക്കുള്ളില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് ജനക്കൂട്ടം ചെക്മായിയില്‍ അക്രമാസക്തരായത്.
മണിപ്പൂരില്‍ നടന്നതെല്ലാം പ്രാകൃതമായ അക്രമങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും സംഭവങ്ങളില്‍ രോഷവും വേദനയും പ്രകടിപ്പിച്ചു. വീഡിയോ പുരത്തുവന്നതിന് പിന്നാലെ മണിപ്പൂര്‍ പോലീസ് സ്വമേധയാ കേസെടുത്തു. തൗബാല്‍ ജില്ലയിലെ നോങ്പോക്ക് സെക്മായി പോലീസ് സ്റ്റേഷനില്‍ തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, കൊലപാതകം എന്നിവയ്ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Discussion about this post