കൊല്‍ക്കത്ത: മാള്‍ഡയിലെ ഇരകളെ മോഷ്ടാക്കളാക്കി പോലീസ്. ക്രൂരതയുടെ വീഡിയോ അപ്‌ലോഡ് ചെയ്തതിന് അഞ്ച് പേര്‍ അറസ്റ്റില്‍. കുറ്റവാളികള്‍ക്ക് സംരക്ഷണം. മാള്‍ഡയില്‍ കഴിഞ്ഞ ദിവസം രണ്ട് ഗോത്രവര്‍ഗ യുവതികളെ പൊതുമധ്യത്തില്‍ വിവസ്ത്രരാക്കി മര്‍ദിച്ച സംഭവത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വിചിത്ര നടപടി. വീഡിയോ സമൂഹത്തില്‍ സംഘര്‍ഷത്തിനിടയാക്കി എന്ന് ആരോപിച്ചാണ് അഞ്ച് പേരെ അറസ്റ്റ് ചെയ്തത്.
മാള്‍ഡയില്‍ ഹോം ഗാര്‍ഡുകള്‍ക്ക് മുന്നില്‍ വച്ചാണ് രണ്ട് സ്ത്രീകളെ ക്രൂരമായി ആക്രമിച്ചത്. ഇന്നലെയാണ് ഇതിന്റെ വീഡിയോകള്‍ പുറത്തുവന്നത്. സംഭവത്തെത്തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികളും ജനങ്ങളും വ്യാപകമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. അതേത്തുടര്‍ന്നാണ് അക്രമത്തെ ന്യായീകരിക്കുന്ന വിധത്തില്‍ പോലീസിന്റെ നടപടികള്‍ ഉണ്ടായത്. ഇരകളായ സ്ത്രീകളെ അക്രമിച്ചതും ഒരുകൂട്ടം സ്ത്രീകളാണെന്നും പഴ്സ് മോഷ്ടിച്ചതിന്റെ പേരിലാണ് അക്രമമുണ്ടായതെന്നും മാള്‍ഡ പോലീസ് സൂപ്രണ്ട് പ്രദീപ് കുമാര്‍ യാദവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇരകളായ രണ്ടു സ്ത്രീകളും പഴ്സ് മോഷ്ടിച്ചവരാണ്. എന്നാല്‍ നഷ്ടപ്പെട്ട പഴ്‌സോ പണമോ ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയോ എന്ന ചോദ്യത്തിന് പോലീസിന് ഉത്തരമില്ല.
സംഭവസ്ഥലത്തിനടുത്തുതന്നെ ഒരു പോലീസ് പോസ്റ്റ് ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഹോംഗാര്‍ഡുകളെ അയച്ചതെന്ന ചോദ്യത്തിനും എസ്പി ഉത്തരം നല്കിയില്ല.
Discussion about this post