കൊല്‍ക്കത്ത: ശാന്തിനികേതനില്‍ വിശ്വഭാരതി സര്‍വകലാശാലയുടെ ഭൂമി അമര്‍ത്യസെന്‍ കൈവശപ്പെടുത്തിയതാണെന്ന് ആരോപിച്ച് വീണ്ടും സര്‍വകലാശാലാ അധികൃതര്‍. വിശ്വഭാരതിക്കെതിരെ ലോകമെമ്പാടുമുള്ള 304 വിദ്യാഭ്യാസ വിചക്ഷണരുടെ ഒപ്പ് സഹിതം അമര്‍ത്യാസെന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്ത് അയച്ചതിന് പിന്നാലെയാണ് സര്‍വകലാശാലയുടെ പ്രസ്താവന. അമര്‍ത്യ സെന്നിനെതിരെ കോടതിയില്‍ പോരാടുമെന്ന് സര്‍വകലാശാല അറിയിച്ചു.
അമര്‍ത്യസെന്‍ കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുപിടിക്കുകയാണ് സര്‍വകലാശാല ചെയ്തത്. അതിനെതിരെ പരാതിയുമായി വിദേശത്തുനിന്നുള്ളവരൊക്കെ എത്തുന്നത് വിചിത്രമാണ്. കോടിക്കണക്കിന് ആളുകള്‍ പിന്നിലുണ്ടെന്ന് അമര്‍ത്യസെന്‍ വാദിച്ചാല്‍ ഇക്കാര്യത്തില്‍ സര്‍വകലാശാല ഒരിഞ്ച് പുറകോട്ട് പോകില്ല. ഭൂമി വിശ്വഭാരതിയുടേതാണ്. ഗുരുദേവ് രവീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ച സര്‍വകലാശാലയ്ക്ക് അവകാശപ്പെട്ട ഭൂമി തിരിച്ചുപിടിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്, പ്രസ്താവനയില്‍ പറയുന്നു.
വിശ്വഭാരതിയുടെ സ്വത്ത് സംരക്ഷിക്കുക എന്നത് വിസിയുടെ ചുമതലയാണ്. പാട്ടഭൂമി തിരിച്ചുപിടിക്കുന്നതില്‍ ഉത്തരവാദിത്തം നിര്‍വഹിക്കുക മാത്രമാണ് ചെയ്യുന്നത്. അതില്‍ നിന്ന് വിസിയെ തടയാന്‍ സൂര്യനു കീഴെ ഒരു ശക്തിക്കും കഴിയില്ല. അമര്‍ത്യസെന്നിന് വേണ്ടി ഒപ്പുവച്ച അക്കാദമിക് പണ്ഡിതന്മാര്‍ ആരെങ്കിലും സ്വന്തം സ്വത്തുവകകള്‍ കൈയേറാന്‍ ആരെയെങ്കിലും അനുവദിക്കുമോ? ആഗോളതലത്തില്‍ പ്രശസ്തനായ ഒരു ബുദ്ധിജീവിയുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടെ സംരക്ഷകര്‍ വിഷയത്തില്‍ സത്യസന്ധമായി പ്രതികരിക്കണം, സര്‍വകലാശാല പത്രക്കുറിപ്പ് പറയുന്നു.
ശാന്തിനികേതനിലെ യൂണിവേഴ്‌സിറ്റി കാമ്പസില്‍ സ്ഥിതി ചെയ്യുന്ന സ്ഥലം ഒഴിയണമെന്ന് കാട്ടി ഏപ്രിലിലാണ് സെന്നിന് വിസി നോട്ടീസ് നല്കിയത്.
Discussion about this post