ചണ്ഡീഗഡ്: ശ്രാവണപൂജാ യാത്രയ്ക്കുനേരെ ആക്രമണം ഉണ്ടായ ഹരിയാനയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. പ്രകോപനങ്ങളില്‍ അടിപ്പെടരുതെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കരുതിയിരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അക്രമവുമായി ബന്ധപ്പെട്ട വിവിധ കേസുകളിലായി 116 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആറ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചു. രണ്ട് ഹോം ഗാര്‍ഡുകളും നാല് സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്.
മുപ്പത് കമ്പനി പോലീസിനെയും 20 കമ്പനി കേന്ദ്ര, അര്‍ദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. ആക്രമണം ആസൂത്രിതമാണ്. ഇത്രയും വേഗത്തില്‍ ആളുകള്‍ സംഘടിക്കുകയും പെട്രോള്‍ ബോംബ് അടക്കമുള്ള മാരകായുധങ്ങള്‍ തീര്‍ത്ഥാടകര്‍ക്കുനേരെ പ്രയോഗിക്കുകയും ചെയ്തതിന് പിന്നില്‍ മുന്നൊരുക്കങ്ങള്‍ നടന്നിട്ടുണ്ട് എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ആസൂത്രകരെയും ഗൂഢാലോചനക്കാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. അക്രമത്തിന് ഉത്തരവാദികളായവരെ മുഴുവന്‍ പിടികൂടും, മുഖ്യമന്ത്രി പറഞ്ഞു.
അക്രമവുമായി ബന്ധപ്പെട്ട് 41 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി അനില്‍ വിജ് മാധ്യമങ്ങളോട് പറഞ്ഞു. സോഷ്യല്‍മീഡിയ നിരീക്ഷണത്തിലാണ്. നൂഹ്, ഗുരുഗ്രാം, ഫരിദാബാദ്, പല്‍വാല്‍, ഝജ്ജര്‍ ജില്ലകളില്‍ നിരോധനാജ്ഞ തുടരും. സംഘര്‍ഷം രൂക്ഷമായ നൂഹിനെ എട്ട് പോലീസ് സര്‍ക്കിളുകളായി തിരിച്ച് ഓരോന്നിനും ഐപിഎസ് ഓഫീസര്‍മാര്‍ക്ക് ചുമതല നല്കിയിട്ടുണ്ട്, അനില്‍ വിജ് പറഞ്ഞു.
Discussion about this post