ജയ്പൂര്‍: സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും നീതി തേടി രാജസ്ഥാന്‍ സര്‍വകലാശാലയില്‍ എബിവിപി സംഘടിപ്പിച്ച ന്യായ ഹുംകാര്‍ സഭയില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കരൗലിയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഗോത്രവര്‍ഗ വിദ്യാര്‍ത്ഥിനിയുടെ കുഴിമാടത്തില്‍ നിന്നാണ് രാജസ്ഥാന്‍ സര്‍ക്കാരിനെകതിരായ പ്രതിഷേധത്തിന്റെ ജ്വാല ഉയരുന്നത്. കരൗലിയില്‍ നിന്ന് ജ്വലിപ്പിച്ച ദീപശിഖയുമായി ആഗസ്ത് മൂന്നിന് ആരംഭിച്ച് 180 കിലോമീറ്റര്‍ സഞ്ചരിച്ച ന്യായ പദയാത്ര ജയ്പൂരിലെത്തിയതിന്റെ ഭാഗമായാണ് ന്യായ ഹുംകാര്‍ സഭ സംഘടിപ്പിച്ചത്.
നീതിയും നിയമവും അസ്തമിച്ച രാജസ്ഥാനില്‍ മാറ്റത്തിനുള്ള കാഹളമാണ് ന്യായ ഹുംകാര്‍ സഭയില്‍ മുഴങ്ങുന്നതെന്ന് സമ്മേളനത്തെ അഭിവാദ്യം ചെയ്ത എബിവിപി ദേശീയ സെക്രട്ടറി യാജ്ഞവല്ക്യ ശുക്ല പറഞ്ഞു. ഭയാനകമാണ് രാജസ്ഥാനിലെ കാര്യങ്ങള്‍. സ്ത്രീകള്‍ തുടര്‍ച്ചയായി അപമാനിക്കപ്പെടുന്നു. കലാലയങ്ങളില്‍ പരീക്ഷയുടെ വിശ്വാസ്യത തകര്‍ന്നു. ചോദ്യപേപ്പര്‍ ചോരുന്നത് തുടര്‍ക്കഥയാണ്. അനീതിയും സ്വേച്ഛാധിപത്യവുമാണ് സര്‍ക്കാരിന്റെ മുഖമുദ്ര. സംസ്ഥാനത്തെ ശുദ്ധമാക്കുന്നതിന് വേണ്ടിയാണ് ന്യായത്തിനായുള്ള ഹുംകാരം മുഴങ്ങുന്നത്, ശുക്ല പറഞ്ഞു.
ഗോത്രവര്‍ഗ സഹോദരിമാര്‍ക്കെതിരായ അതിക്രമങ്ങളും കുറ്റകൃത്യങ്ങളും അങ്ങേയറ്റം ദുഃഖകരവും ലജ്ജാകരവുമാണെന്ന് വിദ്യാര്‍ത്ഥി പരിഷത്ത് ദേശീയ സെക്രട്ടറി ഹുഷ്യാര്‍ മീണ പറഞ്ഞു. മന്ത്രിമാരടക്കമുള്ളവരുടെ ബന്ധുക്കളാണ് പ്രതികള്‍. ഗെഹ്‌ലോട്ട് സര്‍ക്കാര്‍ കുറ്റവാളികള്‍ക്ക് കുട പിടിക്കുകയാണെന്ന് മീണ ചൂണ്ടിക്കാട്ടി. പരാജയപ്പെട്ട സര്‍ക്കാരില്‍ നിന്ന് യുവത്വത്തെ മോചിപ്പിക്കാനുള്ള പോരാട്ടത്തിന് വിദ്യാര്‍ത്ഥി പരിഷത്ത് നേതൃത്വം നല്കും. അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഹുഷ്യാര്‍ മീണ പറഞ്ഞു.
എബിവിപി ദേശീയ സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍. സഹ സംഘടനാ സെക്രട്ടറി പ്രഫുല്ല അകാന്ത്, കേന്ദ്ര പ്രവര്‍ത്തക സമിതി അംഗങ്ങളായ പൂനം ഷെഖാവത്, ഗൗതമി അഹിരാവല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post