ന്യൂഡൽഹി: സ്വതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ പൗരന്മാരോട് സമൂഹമാദ്ധ്യമങ്ങളിലെ അക്കൗണ്ടുകളുടെ മുഖചിത്രം ത്രിവർണ്ണ പതാക ആക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹർ ഘർ തിരംഗ ആശയത്തിന് ശക്തി പകരുന്നതിനായി പ്രൊഫൈലുകളുടെ ഡിസ്പ്ലേ പിക്ച്ചർ മാറ്റണമെന്നാണ് പ്രധാനമന്ത്രി അഭ്യർത്ഥിച്ചത്. രാജ്യവും നമ്മളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സമൂഹ മാദ്ധ്യമങ്ങളിലെ അക്കൗണ്ടുകളിൽ മുഖചിത്രം ഇന്ത്യൻ പതാകയാകണം എന്ന ആഹ്വാനത്തിന് പിന്നാലെ പ്രധാനമന്ത്രി സ്വന്തം അക്കൗണ്ടിലെ ഡിപിയും മാറ്റി ത്രിവർണ്ണ പതാക ആക്കിയിരുന്നു.
ഇന്ന് രാവിലെ എക്സിലൂടെ (ട്വിറ്റർ) പോസ്റ്റ് പങ്കുവെച്ചാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. സമൂഹമാദ്ധ്യമങ്ങളിലെ അക്കൗണ്ടുകളുടെ ഡിപി മാറ്റാമെന്നും ഇതിലൂടെ രാജ്യവും ഇവിടുത്തെ ഓരോ പൗരനും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാമെന്നും പ്രധാനമന്ത്രി പോസ്റ്റിലൂടെ ആഹ്വാനം ചെയ്തു.
സർക്കാരിന്റെ ഹർ ഘർ തിരംഗ ആശയം ഇന്ന് മുതൽ ഓഗസ്റ്റ് 15 രാജ്യത്തിന്റെ 77-ാമത് സ്വാതന്ത്ര്യ ദിനം വരെ ഉണ്ടാകും. പൗരന്മാർക്കിടയിൽ രാജ്യസ്‌നേഹം വളർത്തിയെടുക്കുന്നതിനും ശാക്തീകരിക്കുന്നതുമാണ് ക്യാമ്പയിൻ ലക്ഷ്യം വെയ്‌ക്കുന്നത്. ഓഗസ്റ്റ് 13 മുതൽ 15 വരെ നടക്കുന്ന ഹർ ഖർ തിരംഗ ആശയത്തിൽ പങ്കാളികളാകണമെന്നും ചിത്രങ്ങൾ പങ്കുവെയ്‌ക്കണമെന്നും പ്രധാനമന്ത്രി മുമ്പ് പറഞ്ഞിരുന്നു.
Discussion about this post