ശ്രീനഗര്‍: ഭീകരതയെയും വിഘടനവാദത്തെയും കൈയൊഴിഞ്ഞ് ദേശീയധാരയിലേക്ക് ഒഴുകുന്ന കശ്മീരില്‍ നിന്ന് സ്വാതന്ത്ര്യദിനത്തിന്റെ ആവേശകരമായ ചിത്രങ്ങള്‍ ഒന്നൊന്നായി പുറത്തുവരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഏറ്റെടുത്ത് സോപോറോയിലെ ഒരു വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തുന്ന ചിത്രമാണ് ഇപ്പോള്‍ തരംഗമാകുന്നത്. ഹിസ്ബുള്‍ ഭീകരന്‍ ജാവിദ് മട്ടുവിന്റെ വീടിന്റെ മുകളിലെ നിലയില്‍നിന്ന് സഹോദരന്‍ റായിസ് മട്ടു ത്രിവര്‍ണ പതാക വീശുന്നതിന്റെ ചിത്രം അദ്ദേഹം തന്നെയാണ് പുറത്തുവിട്ടത്.
അഭിമാനത്തോടെയാണ് രാജ്യത്തിന്റെ പതാക പിടിക്കുന്നതെന്ന് റായിസ് മട്ടു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഹൃദയത്തില്‍ തിരംഗ വീശുന്നുണ്ട്. എന്റെ നാട് ഭാരതമാണ്. കശ്മീര്‍ ഭാരതത്തിന്റെ പൂവനിയും, സാരേ ജഹാന്‍ സെ അച്ഛാ ഹിന്ദുസ്ഥാന്‍ ഹമാരാ… റായിസ് മട്ടു പറഞ്ഞു.
കശ്മീര്‍ മാറുകയാണ് ഭായ്… എന്റെ ജീവിതത്തില്‍ ആദ്യമായാണ് ഈ ദിവസം, ഒരു സ്വാതന്ത്ര്യദിനത്തലേന്ന് ഇങ്ങനെ എന്റെ കട തുറന്ന് എനിക്ക് അവിടെ ഇരിക്കാന്‍ പറ്റുന്നത്. മുന്‍പൊക്കെ സ്വാതന്ത്ര്യദിനം വന്നാല്‍ ഒരാഴ്ചയൊക്കെ ഹര്‍ത്താലാണ്. അന്നൊക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇത് ഒരു കളിയായിരുന്നു. രാജ്യം മാറി, കശ്മീരും മാറി.
2009ലാണ് ജാവിദ് തീവ്രവാദ സംഘടനയുടെ ഭാഗമായത്. അതിനുശേഷം ഞങ്ങള്‍ അവനെ കണ്ടിട്ടില്ല, അവനെക്കുറിച്ച് ഒന്നും അറിയില്ല, എവിടെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കില്‍, തിരികെ വരാന്‍ ഞാന്‍ അവനോട് അഭ്യര്‍ത്ഥിക്കുന്നു. ഭായ് സ്ഥിതി മാറി, പാകിസ്ഥാന് ഇനി ഒന്നും ചെയ്യാന്‍ കഴിയില്ല, റായിസ് പറഞ്ഞു.
Discussion about this post