ന്യൂദല്‍ഹി: ലിബിയയില്‍ സായുധസംഘം തടവിലാക്കിയിരുന്ന 17 ഭാരതീയ പൗരന്മാരെ മോചിപ്പിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ നിരന്തരമായ ഇടപെടലിനെത്തുടര്‍ന്നാണ് പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള 17 പേരെ ദല്‍ഹിയിലെത്തിച്ചത്. ഇവര്‍ തടവിലാണെന്ന വിവരം മെയ് 26നാണ് ടുണീഷ്യയിലെ ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍ ബന്ധുക്കള്‍ കൊണ്ടുവന്നത്. ലിബിയയിലെ സ്വാര സിറ്റിയില്‍ തടവിലായിരുന്നു ഇവര്‍.
പ്രശ്‌നം ശ്രദ്ധയില്‍പെട്ടതുമുതല്‍ എംബസി കുടുംബാംഗങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. മെയ്, ജൂണ്‍ മാസങ്ങളിലും അനൗപചാരിക മാര്‍ഗങ്ങളിലൂടെ ലിബിയന്‍ അധികൃതരുമായി വിഷയം ചര്‍ച്ച ചെയ്തു. ജൂണ്‍ 13 ന്, ലിബിയന്‍ അധികാരികള്‍ ഇവരെ സായുധ തീവ്രവാദ സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷിച്ചെങ്കിലും അനധികൃതമായി രാജ്യത്ത് പ്രവേശിച്ചുവെന്ന് ചൂണ്ടിക്കാട്ടി കസ്റ്റഡിയില്‍ ഇന്ത്യയിലേക്ക് മടക്കി അയയ്ക്കാന്‍ തയാറായില്ല. അവരെ ലിബിയന്‍ പോലീസിന്റെ കസ്റ്റഡിയിലാക്കി.
ടുണീഷ്യയിലെ ഇന്ത്യന്‍ അംബാസഡറും ന്യൂദല്‍ഹിയില്‍ നിന്നുള്ള മുതിര്‍ന്ന വിദേശകാര്യ ഉദ്യോഗസ്ഥരും നടത്തിയ ഉന്നതതല ഇടപെടലിനെ തുടര്‍ന്നാണ് ലിബിയന്‍ അധികൃതര്‍ അവരെ മോചിപ്പിക്കാന്‍ സമ്മതിച്ചത്. ലിബിയയില്‍ തടവിലായിരുന്ന സമയത്ത്, അവശ്യ ഭക്ഷണ വസ്തുക്കളും മരുന്നുകളും വസ്ത്രങ്ങളും ഉള്‍പ്പെടെ എത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സംവിധാനം ഒരുക്കിയിരുന്നു.
പാസ്പോര്‍ട്ടില്ലാത്തതിനാല്‍ ഇന്ത്യയിലേക്കുള്ള ഇവരുടെ യാത്രയ്ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ഇന്ത്യയിലേക്ക് മടങ്ങാനുള്ള ടിക്കറ്റുകളും പണവും എംബസിയില്‍ നിന്ന് നല്‍കി.
Discussion about this post