അയോധ്യ: ശ്രീരാമജന്മഭൂമി രാംലല്ലാ ക്ഷേത്രസമര്‍പ്പണച്ചടങ്ങുകള്‍ക്ക് മുന്നോടിയായി സുരക്ഷാസംവിധാനം വിപുലമാക്കുന്നു. ഉത്തര്‍പ്രദേശ് പ്രത്യേക സുരക്ഷാ സേനയെ (യുപിഎസ്എസ്എഫ്) അടുത്ത മാസം നിയോഗിക്കും. ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടനം കണക്കിലെടുത്ത് പ്രമുഖരടക്കം ആയിരങ്ങള്‍ എത്തിച്ചേരുമെന്നതിന്റെ അടിസ്ഥാനത്തിലാണ് യുപി സര്‍ക്കാരിന്റെ ഒരുക്കങ്ങള്‍.
വിശദമായ സുരക്ഷാ പദ്ധതി തയ്യാറാക്കാന്‍ ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രത്യേക സുരക്ഷാ സേനയ്ക്കു വേണ്ട എല്ലാ ക്രമീകരണങ്ങളും ക്ഷേത്രനഗരിയില്‍ത്തന്നെ സജ്ജമാക്കും. ഭക്തരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്കണമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
ക്ഷേത്രം മോടിപിടിപ്പിക്കുന്ന കാര്യത്തിലും യുപി മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. തീര്‍ത്ഥാടകര്‍ക്ക് മികച്ച സൗകര്യമൊരുക്കും. മള്‍ട്ടി പര്‍പ്പസ് പാര്‍ക്കിങ് മുതല്‍ മാളുകള്‍ വരെ സജ്ജമാക്കും. യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുന്ന അയോധ്യയിലെ വികസന പദ്ധതികള്‍ക്ക് മുഖ്യമന്ത്രി നേരിട്ടാണ് മേല്‍നോട്ടം വഹിക്കുന്നത്. ഒരുക്കങ്ങളുടെ ഭാഗമായി ബിര്‍ള ധര്‍മ്മശാലയില്‍ നിന്ന് രാമജന്മഭൂമി പാതയിലേക്കുള്ള മൂന്ന് റൂട്ടുകളിലൊന്ന് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. 39 കോടി രൂപ ചെലവിലാണ് 560 മീറ്റര്‍ നീളമുള്ള പാത വികസിപ്പിച്ചത്.
Discussion about this post