ന്യൂദല്‍ഹി: പാകിസ്ഥാന്‍കാരി ഖമര്‍ മൊഹ്‌സിന്‍ ഷെയ്ഖ് ഇക്കുറി രക്ഷാബന്ധന്‍ ദിവസം ദല്‍ഹിയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വന്തം കൈകൊണ്ട് നിര്‍മ്മിച്ച രാഖി ബന്ധിക്കും. പാകിസ്ഥാനില്‍ ജനിച്ചെങ്കിലും 1986 മുതല്‍ ഖമര്‍ ഇന്ത്യയിലാണ്. 27 വര്‍ഷമായി മോദിജി തനിക്ക് രാഖി സഹോദരനാണെന്ന് ഖമര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
എല്ലാ വര്‍ഷവും കൈകൊണ്ട് നിര്‍മ്മിച്ച രാഖികള്‍ ഞാന്‍ അദ്ദേഹത്തിന് സമ്മാനിക്കാറുണ്ട്. കൊവിഡ് കാലത്ത് തപാലില്‍ അയയ്ക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ. ഇക്കുറി നേരിട്ട് കാണും അദ്ദേഹം വായനയില്‍ താത്പര്യമുള്ളയാളാണ്. കൃഷിയെ സംബന്ധിച്ച ഒരു പുസ്തകവും സമ്മാനിക്കും, ഖമര്‍ പറഞ്ഞു.
1953 ല്‍ പാകിസ്ഥാനില്‍ ജനിച്ച ഖമര്‍ ഒരു ഇന്ത്യക്കാരനെ വിവാഹം കഴിച്ച് 1986 ലാണ് ഇവിടേക്ക് വന്നത്. ആ കാലം കടുത്ത ഒറ്റപ്പെടല്‍ അനുഭവിച്ചിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് മോദിയെ കാണുന്നത്. അദ്ദേഹം എന്നെ സഹോദരിയായി സ്വീകരിച്ചു. അന്നുമുതല്‍, എല്ലാ വര്‍ഷവും രക്ഷാബന്ധന്‍ ദിനത്തില്‍ മോദിക്ക് ഖമര്‍ രാഖി അയയ്ക്കുന്നു. നേരില്‍ കാണാന്‍ അവസരം ലഭിക്കുമ്പോള്‍ കണ്ടിട്ടുമുണ്ട്.
‘ഞാന്‍ അദ്ദേഹത്തിന് രക്ഷാബന്ധന്‍ ആശംസകള്‍ നേരുന്നു. അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനും ദീര്‍ഘായുസിനും വേണ്ടി എല്ലാ ദിവസവും പ്രാര്‍ത്ഥിക്കുന്നു, ഖമര്‍ മൊഹ്‌സിന്‍ ഷെയ്ഖ് പറഞ്ഞു.
Discussion about this post