റായ്പൂര്‍(ഛത്തിസ്ഗഢ്): ഒരു പതിറ്റാണ്ടിലേറെയായി വിപണി കീഴടക്കിയ ചൈനീസ് രാഖികളെ പടിക്കുപുറത്താക്കി രാജ്യം രക്ഷാബന്ധനോത്സവത്തിനൊരുങ്ങുന്നു. ഛത്തിസ്ഗഢിലെ പ്രധാന വിപണനകേന്ദ്രങ്ങളിലൊന്നായ അംബികാപൂരില്‍ ചൈനീസ് രാഖികള്‍ കാണാനേ ഇല്ല. മറ്റ് നഗരങ്ങളിലും സമാനമാണ് സ്ഥിതിയെന്ന് കച്ചവടക്കാര്‍ പറയുന്നു. വ്യാവസായികാടിസ്ഥാനത്തില്‍തന്നെ ആകര്‍ഷകമായ രാഖികള്‍ നിര്‍മ്മിക്കുന്ന സംരംഭങ്ങള്‍ വ്യാപകമായതോടെയാണ് ചൈനയുടെ രാഖികള്‍ പുറന്തള്ളപ്പെട്ടത്.
രക്ഷാബന്ധന് നാളുകള്‍ മാത്രം ബാക്കി നില്‌ക്കെ വിപണിയില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ദൂരദിക്കുകളില്‍ കഴിയുന്ന സഹോദരന്മാര്‍ക്കായി പെണ്‍കുട്ടികള്‍ രാഖി അയയ്ക്കുന്ന കാലമാണിത്. കുട്ടികളെ ആകര്‍ഷിക്കുന്ന വിധം വ്യത്യസ്തങ്ങളായ രാഖികളും ഇക്കുറി വിപണിയിലുണ്ട്. അതിര്‍ത്തിയിലെ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് കച്ചവടക്കാരടക്കമുള്ളവര്‍ ഇത്തവണ ചൈനീസ് രാഖികള്‍ പൂര്‍ണമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.
കൊവിഡ് കാലത്തിന് ശേഷം ഇതാദ്യമായാണ് രാഖിവിപണി ഇത്രയും തിരക്കുള്ളതാകുന്നത്. 250ലധികം വിപുലമായ രാഖി സ്റ്റാളുകളാണ് അംബികാപൂരില്‍ മാത്രം സജ്ജമാക്കിയത്. ഗാഡി ചൗക്കിലെ ദുര്‍ഗാ ബാരി മുതല്‍ ഹോട്ടല്‍ ദേവ് മാര്‍ഗിലെ ക്ലാര്‍ക്ക് ക്വാര്‍ട്ടര്‍ വരെ ഒരേ തെരുവില്‍ അറുപതിലധികം കടകളുണ്ട്. എല്ലായിടത്തും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അംബികാപുരിയില്‍ മാത്രം പ്രതിവര്‍ഷം ഒരു കോടിയോളം രൂപയാണ് രാഖിയുടെ വ്യാപാരം. ഇത്തവണ രാഖിയുടെ വിലയില്‍ 10 മുതല്‍ 15 ശതമാനം വരെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ദേവീദേവന്മാരുടെ ചിത്രങ്ങള്‍ പതിച്ച രാഖികള്‍ക്കാണ് ആവശ്യക്കാരേറെയും. വ്യത്യസ്ത ഡിസൈനുകളില്‍ ലുംബാ രാഖിയും ലഭ്യമാണ്. രുദ്രാക്ഷം, മുത്തുകള്‍ തുടങ്ങിയവ കോര്‍ത്ത രാഖികളുമുണ്ട്. 10 രൂപ മുതല്‍ 400 രൂപ വരെ വിലയുള്ള രാഖികള്‍ വിപണിയില്‍ ലഭ്യമാണ്. കൊല്‍ക്കത്തയും ദല്‍ഹിയുമാണ് രാഖിയുടെ മൊത്തവിപണിയായി കണക്കാക്കുന്നത്.
Discussion about this post