കൊല്‍ക്കത്ത: ജാദവ്പൂര്‍ സര്‍വകലാശാലയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച വിദ്യാര്‍ത്ഥി സ്വപ്‌നദീപ് കുണ്ടു ക്രൂരമായ റാഗിങ്ങിന് ഇരയായെന്ന് അന്വേഷണ റിപ്പോര്‍ട്ട്. കോളജ് ഹോസ്റ്റലിന്റെ രണ്ടാം നിലയില്‍ നിന്ന് വീഴുന്നതിന് മുമ്പ് സ്വപ്നദീപിനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ നഗ്നനാക്കി നടത്തിയിരുന്നുവെന്നും ക്രൂരമായ മര്‍ദനത്തിന് അയാള്‍ ഇരയായെന്നും പോലീസ് ചൂണ്ടിക്കാട്ടി.
സംഭവത്തില്‍ ഇതുവരെ 13 പേരാണ് അറസ്റ്റിലായത്. ആഗസ്ത 9നാണ് സ്വപ്നദീപ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിക്കുന്നത്.
അതിനിടെ സ്വപ്നദീപിന്റെ കുടുംബത്തിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് എബിവിപിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധമാര്‍ച്ചിന് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. വിദ്യാര്‍ത്ഥി പരിഷത്ത് ദേശീയ ജനറല്‍ സെക്രട്ടറി യാജ്ഞവല്‍ക്യ ശുക്ല, സെക്രട്ടറി ബിരാജ് ബിശ്വാസ് എന്നിവരടക്കം നൂറിലേറെ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. മമതാബാനര്‍ജിയുടെ സര്‍ക്കാരിന് കീഴില്‍ വിദ്യാഭ്യാസവും വിദ്യാര്‍ത്ഥികളും സുരക്ഷിതമല്ലെന്ന് യാജ്ഞവല്‍ക്യ ശുക്ല ചൂണ്ടിക്കാട്ടി. വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച പോലീസ് നടപടി അപലപനീയമാണ്. ഭീതിജനകമായ അന്തരീക്ഷമാണ് ബംഗാളിലെ കലാലയങ്ങളിലെന്ന് അദ്ദേഹം ആരോപിച്ചു. എബിവിപിയുടെ ചലോ ജാദവ്പൂര്‍ മാര്‍ച്ചില്‍ പങ്കെടുത്ത പെണ്‍കുട്ടികളെ വരെ പുരുഷ പോലീസുകാര്‍ റോഡില്‍ വലിച്ചിഴച്ചുവെന്ന് എബിവിപി സെക്രട്ടറി അങ്കിത പവാര്‍ പറഞ്ഞു.
യുവമോര്‍ച്ച പ്രവര്‍ത്തകരും ജാദവ്പൂര്‍ സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തി. തുക്‌ഡെ തുക്‌ഡെ ഗാങ്ങിന് തേര്‍വാഴ്ച നടത്താനുള്ള മണ്ണല്ല ജാദവ് പൂരിന്റേതെന്ന് മാര്‍ച്ചിനെ അഭിവാദ്യം ചെയ്ത ബംഗാള്‍ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി പറഞ്ഞു.
അതേസമയം സൈനികവേഷത്തിന് സമാനമായ യൂണിഫോം ധരിച്ച് ഒരുകൂട്ടം ആളുകള്‍ കഴിഞ്ഞ ദിവസം ജാദവ്പൂര്‍ സര്‍വകലാശാലയില്‍ അതിക്രമിച്ചു കയറിയെന്ന് ചൂണ്ടിക്കാട്ടി വൈസ് ചാന്‍സലര്‍ പോലീസില്‍ പരാതി നല്കി. ഏഷ്യന്‍ ഹ്യൂമന്‍സ് റൈറ്റ്‌സ് കമ്മീഷന്റെ ആളുകളെന്ന ലേബലിലാണ് ഇരുപതോളം പേര്‍ കാമ്പസില്‍ അതിക്രമിച്ചു കടന്നത്.
Discussion about this post