കൊല്‍ക്കത്ത: തന്ത്രപ്രധാനമായ രേഖകള്‍ സഹിതം ഒരു പാകിസ്ഥാന്‍ ചാരനെ കൊല്‍ക്കത്തയില്‍ നിന്ന് അറസ്റ്റ് ചെയ്തു. ബീഹാര്‍ സ്വദേശിയാണ് ഇയാളെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ശനിയാഴ്ച പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, ഹൗറയിലെ വസതിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ദോഷകരമായ പ്രവര്‍ത്തനങ്ങളില്‍ ഇയാള്‍ നേരിട്ട് പങ്കെടുത്തതായി കണ്ടെത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷം വെള്ളിയാഴ്ച രാത്രി വൈകിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഫോട്ടോഗ്രാഫുകള്‍, വീഡിയോകള്‍, ഓണ്‍ലൈന്‍ ചാറ്റുകള്‍ എന്നിവയുടെ രൂപത്തിലുള്ള രഹസ്യ വിവരങ്ങള്‍ ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് കണ്ടെത്തി. ഇവ പാകിസ്ഥാനിലെ ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥന് അയച്ചതാണെന്നും കണ്ടെത്തിയിട്ടുണ്ട്.
കൊല്‍ക്കത്തയിലെ കൊറിയര്‍ സര്‍വീസ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ നേരത്തെ ദല്‍ഹിയിലാണ് താമസിച്ചിരുന്നത്. ഇയാളെ കൊല്‍ക്കത്ത സിറ്റി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Discussion about this post