ന്യൂദൽഹി: ആഫ്രിക്കൻ യൂണിയന് ജി 20 യിൽ സ്ഥിരാംഗത്വം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യൂണിയൻ ഓഫ് കൊമോറോസിന്റെ പ്രസിഡന്റും ആഫ്രിക്കൻ യൂണിയൻ (എയു) ചെയർപേഴ്സണുമായ അസാലി അസ്സൗമാനി യൂണിയൻ ജി20-യിലെ സ്ഥിരാംഗമായി ഇരിപ്പിടം ഏറ്റെടുത്തു. ചില രാജ്യങ്ങൾ മുൻപ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും ആഫ്രിക്കയ്‌ക്ക് സ്ഥിരാംഗത്വം നൽകണമെന്ന ഇന്ത്യയുടെ നിലപാടിനൊപ്പം ലോകരാജ്യങ്ങൾ നിൽക്കുകയായിരുന്നു.
വികസിത രാജ്യങ്ങളുടെ ആശങ്കകളും ആശയങ്ങളും വെല്ലുവിളികളും മുന്‍ഗണനകളും പ്രകടിപ്പിക്കാനുള്ള വേദിയായികൂടി ജി 20 മാറണം എന്ന കാഴ്ചപ്പാടൊടെ അതിനായി അക്ഷീണം ശ്രമിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു. ജി20 ഉച്ചകോടിയുടെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷമായി വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് സമ്മേളനങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചത് ഇന്ത്യയുടെ അധ്യക്ഷതയാണ്.
പത്ത് സെഷനുകളിലായി 125 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയുള്ള സുപ്രധാന പരിപാടിയായിരുന്നു അത്. ആരെയും പിന്നിലാക്കരുത് എല്ലാ ശബ്ദവും കേള്‍ക്കണം എന്ന നയത്തിന്റെ ഭാഗമായിരുന്നു അത്. ആഫ്രിക്കയില്‍ നിന്നുള്ള ആവേശകരമായ പങ്കാളിത്തവും ഉണ്ടായി. കൊമോറോസ് പ്രസിഡന്റും ആഫ്രിക്കന്‍ യൂണിയന്‍ ചെയര്‍പേഴ്സണുമായ അസാലി അസ്സൗമാനിയാണ് പ്രതിനിധിയായി എത്തിയിട്ടുള്ളത്.
മൊറോക്കൊ ഭൂചലനത്തിൽ മരിച്ചവർക്ക് ആദരാജ്ഞലി അർപ്പിച്ചാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. ആഗോള സമൂഹം മുഴുവനും മൊറോക്കൊയിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നും സാധ്യമായ എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യ-യുക്രെയ്ൻ സംഘർഷവും അദ്ദേഹ അഭിസംബോധനയ്‌ക്കിടെ പരാമർശിച്ചു. സംഘർഷം വിശ്വാസരാഹിത്യം കൂടാനിടയാക്കിയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം ഒരുഭൂമി’ എന്ന വിഷയത്തിൽ ചർച്ച നടക്കും. ഉച്ചയ്‌ക്ക് ശേഷം ‘ഒരു കുടുംബം’ എന്ന വിഷയത്തിലും ചർച്ച നടക്കും. ഞായറാഴ്ച ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ നടക്കും.
Discussion about this post