മുതിര്‍ന്ന ബിജെപി നേതാവ് പിപി മുകുന്ദന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘മുകുന്ദൻ ജി ലാളിത്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും പേരിൽ ഓർമ്മിക്കപ്പെടും. നാന തുറകളിലുമുള്ള ആളുകൾ ബുദ്ധിശക്തിയുടെയും താഴെത്തട്ടിലുള്ള ബന്ധത്തിന്റെയും പേരിൽ അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. കേരളത്തിൽ ബിജെപിയെ ശക്തിപ്പെടുത്താൻ കഠിനാധ്വാനം ചെയ്ത വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നു. ഓം ശാന്തി’ എന്നാണ് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചത്.
ബിജെപിയുടെ എക്കാലത്തെയും കരുത്തുറ്റ മുഖമായിരുന്നു പിപി മുകുന്ദൻ. വിദ്യാർത്ഥി കാലഘട്ടത്തിലാണ് ആർആർഎസിന്റെ ഭാഗമായി സമാജപ്രവർത്തന മേഖലയിലേക്കുള്ള കടന്നുവരവ്. തുടർന്ന് മുഴുവൻ സമയപ്രവർത്തകനായ പ്രചാരകനായി മാറി. 1975-ൽ തൃശൂർ ജില്ലാ പ്രചാരകനായിരിക്കേ അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രവർത്തിച്ചതിന് സികെ പത്മനാഭനൊപ്പം ജയിലടച്ചു. ആർഎസ്എസിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിച്ച അദ്ദേഹത്തെ 1991-ൽ സംസ്ഥാന ബിജെപിയുടെ സംഘടന സെക്രട്ടറി ആയി നിയോഗിച്ചു.
2005 വരെ ആ പദവി അലങ്കരിച്ച അദ്ദേഹം 2007 വരെ ബിജെപിയുടെ ദക്ഷിണക്ഷേത്ര സെക്രട്ടറിയായി ചുമതല വഹിച്ചു. പിന്നീട് ദീർഘകാലം പൊതുപ്രവർത്തന രംഗത്ത് നിന്ന് വിശ്രമം. പിപി മുകുന്ദൻ ഓർമയാകുന്നതോടെ കേരളത്തിലെ ബിജെപിയുടെ ഒരു യുഗമാണ് അവസാനിക്കുന്നത്.
വാർദ്ധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങളാൽ ദീർഘനാളായി വിശ്രമത്തിലായിരുന്നു മുകുന്ദേട്ടൻ. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം കവർന്നത്.
Discussion about this post